Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിലാഷ് ടോമി ഇന്ത്യൻ യുവാക്കൾക്കു മാതൃക: ‘മൻ കി ബാത്തിൽ’ മോദി

modi-abhilash-tomy ഐഎന്‍എസ്‍വി തരിണിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിലാഷ് ടോമിയെ കണ്ടപ്പോൾ. പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചഫയൽ ചിത്രം.

ന്യൂഡൽഹി∙ ഗോൾഡൻ ഗ്ലോബ്സ് മല്‍സരത്തിനിടെ പായ്‍വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ടിട്ടും മനഃശ്ശക്തിയോടെ എല്ലാം നേരിട്ട മലയാളി നാവികസേന ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവനുവേണ്ടി പോരാടിയ അഭിലാഷ് ടോമി ധീരനായ ഉദ്യോഗസ്ഥനാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘എങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. ഫോണിൽ അഭിലാഷ് ടോമിയുമായി സംസാരിച്ചിരുന്നു. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവർക്കും മാതൃകയാണ്. രാജ്യത്തെ യുവാക്കൾക്ക് മാതൃകയാണ് അദ്ദേഹം’– റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അഭിലാഷ് ടോമി ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം രാജ്യത്തെ എല്ലാ യുവാക്കൾക്കും പ്രചോദനമാകുമെന്നാണു കരുതുന്നത്. സർജിക്കൽ സ്ട്രൈക്ക് വാർഷികത്തിന്റെ ഭാഗമായി ധീരസൈനികരെ ഓർമിക്കുന്നു. ലോകസമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യ തയാറാണ്. പക്ഷേ ആത്മാഭിമാനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല.

യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമാധാനത്തിനും വളർച്ചയ്ക്കും തടസ്സം നിൽക്കുന്നവർക്കു ശക്തമായ മറുപടി നൽകാൻ സൈന്യത്തിനു സാധിക്കുമെന്നു ബോധ്യപ്പെട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ദുരന്തങ്ങളുണ്ടാകുന്ന സമയത്തെല്ലാം രക്ഷാപ്രവർത്തനത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരാണു വ്യോമസേന. ഒക്ടോബർ എട്ടിനാണു വ്യോമസേന ദിനം ആചരിക്കുന്നത്. ആറു പൈലറ്റുകൾ, 19 എയർമാൻമാർ എന്നിവരുമായി 1932–ല്‍ തുടങ്ങിയ വ്യോമസേന ഇപ്പോള്‍ 21–ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സേനാ വിഭാഗങ്ങളിലൊന്നാണ്. രാജ്യത്തിനായി സേവനം അനുഷ്ഠിച്ച എല്ലാ പോരാളികൾക്കും കുടുംബങ്ങൾക്കും സല്യൂട്ട് നൽകുന്നു.

രാജ്യത്തെ ലിംഗസമത്വത്തിന്റെ മികച്ച ഉദാഹരണമാണു വ്യോമസേന. വ്യോമസേനയിലെ വനിതാ പങ്കാളിത്തം ഉയരുകയാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്വഛതാ ഹി സേവ പദ്ധതിയുടെ വിജയത്തിൽ ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

related stories