Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലടക്കം ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ കൂടി കുടുങ്ങി

Online-Fraud-1

റാഞ്ചി ∙ അക്കൗണ്ട് വിവരങ്ങൾ ചോർത്തി മഹാരാഷ്ട്രയിലും കേരളത്തിലും കർണാടകയിലും ഒട്ടേറെപ്പേരെ കബളിപ്പിച്ചു കോടികൾ കൈക്കലാക്കിയ രഞ്ജൻ മണ്ഡലിനെയും കൂട്ടാളി ആനന്ദ് മണ്ഡലിനെയും ജംതാരയിലെ ഡുമാരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ച ഇവരുടെ ആസ്തി കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. ബാങ്കിൽ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ അക്കൗണ്ട് ഉടമകളുടെ പിൻ നമ്പരും ഒടിപി വിവരങ്ങളും ചോർത്തിയും വ്യാജ എടിഎം കാർഡ് നിർമിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പത്തുവർഷത്തിലേറെയായി സൈബർ തട്ടിപ്പ് രംഗത്തു സജീവമായ രഞ്ജൻ മണ്ഡൽ മുന്നുകോടി രൂപയും ആനന്ദ് അഞ്ചുകോടിയും വസ്തുക്കച്ചവടത്തിനു മുടക്കിയതായി പൊലീസ് അറിയിച്ചു. തട്ടിപ്പിലൂടെ കൈക്കലാക്കിയ ആസ്തി കണ്ടെത്തി വിവരങ്ങൾ എൻഫോഴ്സ്മെന്റ്് ഡയറക്ടറേറ്റിനു കൈമാറുമെന്ന് ജംതാര സൈബർ പൊലീസ് ഡിവൈഎസ്പി: സുമിത്കുമാർ അറിയിച്ചു. ഇവരുടെലകൂട്ടാളികളായ ഗുരുദേവ് യാദവും രാംകുമാർ മണ്ഡലും കഴിഞ്ഞദിവസം പിടിയിലായി. പ്രതികളിൽ നിന്ന് 42 സിമ്മും രണ്ടു ഡസനിലേറെ എടിഎം കാർഡും പിടിച്ചെടുത്തു. ഫോൺ പരിശോധിച്ച് കൂടുതൽ തെളിവു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുംബൈയിൽ പെയിന്റർമാരായിരുന്ന ഇരുവരും അവിടെയാണ് തട്ടിപ്പ് തുടങ്ങിയത്.