ബിബിഎംപി മേയർ തിരഞ്ഞെടുപ്പ് 28ന്; സ്വതന്ത്രരെ കൂട്ടുപിടിച്ച് പൊരുതാൻ ബിജെപി

ബെംഗളൂരു ∙ മഹാനഗരസഭ (ബിബിഎംപി) മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് 28ന്. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ പ്രതിപക്ഷമാക്കി മൂന്നു വർഷമായി കോൺഗ്രസ്–ജെഡിഎസ് സഖ്യമാണ് ബിബിഎംപി ഭരിക്കുന്നത്. കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തിന്റെ ആത്‌മവിശ്വാസമാണ് ഇത്തവണ സഖ്യത്തിന്റെ മുതൽക്കൂട്ട്. അതേസമയം സ്വതന്ത്രരെ കയ്യിലെടുത്തു മൽസരം കടുപ്പമേറിയതാക്കാൻ ബിജെപിയും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുതവണയും മേയർസ്ഥാനം കോൺഗ്രസിനും ഡെപ്യൂട്ടി മേയർസ്ഥാനം ജെഡിഎസിനുമായിരുന്നു.

198 വാർഡുകൾ ഉള്ള ബിബിഎംപിയിൽ ബിജെപി–100, കോൺഗ്രസ്–76, ജെഡിഎസ്–14 എന്നിങ്ങനെയാണ് കക്ഷിനില. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ വോട്ടർപട്ടികയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എംഎൽഎമാർ, എംപിമാർ, എംഎൽസിമാർ ഉൾപ്പെടെ 266 പേർക്കു വോട്ട് ചെയ്യാമെന്നതാണ് ബിജെപിക്ക് ഇത്രകാലം ഭരണം കിട്ടാക്കനിയാക്കിയത്. എന്നാൽ കോർപറേഷൻ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന പരാതിയെ തുടർന്നു കഴിഞ്ഞതവണ വോട്ട്ചെയ്ത ഏഴ് കോൺഗ്രസ്–ദൾ എംഎൽസിമാരും ഒരു എംപിയും ഇത്തവണ വോട്ടർപട്ടികയ്ക്കു പുറത്താണ്. നാല് എംഎൽസിമാരുടെകൂടി വോട്ട് ഒഴിവാക്കാൻ ബിജെപി ശ്രമം നടത്തുന്നുമുണ്ട്. ഇതുകൂടി വിജയിച്ചാൽ ആകെ അംഗബലം 254 ആയി കുറയും. ജയിക്കാൻ വേണ്ടതു128 വോട്ട്.

നഗരത്തിലെ പാർട്ടി എംഎൽഎ, എംഎൽസി, എംപി വോട്ടുകൾക്കൊപ്പം എട്ട് സ്വതന്ത്ര കോർപറേറ്റർമാരുടെകൂടി പിന്തുണ ഉറപ്പാക്കിയാൽ ഭരണം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. സ്വതന്ത്രരിൽ ഭൂരിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കിയതായും പാർട്ടി അവകാശപ്പെടുന്നു.

കോൺഗ്രസിന്റെ രാജ്യസഭാ എംപി ജയറാം രമേശ്, എംഎൽസിമാരായ വി.എസ്.ഉഗ്രപ്പ, രഘു ആചാർ, ജെഡിഎസിലെ സി.ആർ.മനോഹർ എന്നിവർക്കു വോട്ടുചെയ്യാൻ അർഹതയില്ലെന്നാണ് ബിജെപിയുടെ വാദം. എന്നാൽ കഴിഞ്ഞ മൂന്നുതവണയും പയറ്റിയ തന്ത്രം ഇത്തവണയും വിജയകരമായി നടപ്പാക്കാനാകുമെന്ന ആത്‌മവിശ്വാസത്തിലാണ് കോൺഗ്രസും ദളും. ഒരു വർഷമാണ് നഗരസഭയിലെ മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ കാലാവധി.