Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: 5 ഭീകരരെ സേന വധിച്ചു

ശ്രീനഗർ∙ ജമ്മു–കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ 5 ലഷ്‌കറെ തയിബ, ഹിസ്‌ബുൽ മുജാഹിദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. അഞ്ചുപേരും കുൽഗാം സ്വദേശികളാണ്. കഴിഞ്ഞ വർഷം ബാങ്കിലേക്കു പണം കൊണ്ടുപോയ വാൻ ആക്രമിച്ച് അഞ്ചു പൊലീസുകാർ അടക്കം ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇവരിൽ ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു. 

ചൗഗാം മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. നാട്ടുകാരെ ഒഴിപ്പിച്ചശേഷമായിരുന്നു സൈനികനടപടി.

ഗുൽസൽ അഹമ്മദ് പഡാർ (സൈഫ്), ഫൈസൽ അഹമ്മദ് റാത്തർ (ദാവൂദ്), സാഹിദ് അഹമ്മദ് മിർ (ഹാഷിം), മസ്റൂർ മൊൽവി (അബു ദർദ), സഹൂർ അഹമ്മദ് ലോൺ (റഹ്മാൻ ഭായ്) എന്നിവരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ അൽത്താഫ് കച്ച്റൂവിന്റെ അടുത്ത അനുയായിയാണു ഗുൽസൽ അഹമ്മദ് പഡാർ എന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മേയ് ഒന്നിനു ബാങ്ക് വാൻ ആക്രമിച്ചവരിൽ പഡാറും ഉൾപ്പെട്ടിരുന്നു. കുൽഗാമിൽ പൊലീസ് ഓഫിസറെ വധിച്ച കേസിലും പ്രതിയാണ്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ ഏതാനുംപേർക്കു പരുക്കേറ്റു. അതിനിടെ, രജൗറി ജില്ലയിൽ നിയന്ത്രണരേഖയിൽ ഇന്നലെ രാവിലെ പാക്ക് പട്ടാളം നടത്തിയ വെടിവയ്പിൽ സൈനികനു പരുക്കേറ്റു.