Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്ഐയ്ക്ക് വിവരങ്ങൾ നൽകിയ ജവാൻ അറസ്റ്റിൽ

Achutanand-Misra അച്യുതാനന്ദ് മിശ്ര

ന്യൂഡൽഹി∙ പാക്ക് യുവതികൾ ഒരുക്കിയ കെണിയിൽ കുടുങ്ങി ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഇന്ത്യൻ സൈനിക വിവരങ്ങൾ ൈകമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ. മധ്യപ്രദേശിലെ റേവ സ്വദേശി അച്യുതാനന്ദ് മിശ്ര (41) ആണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. 

നോയിഡയിലെ ബിഎസ്എഫ് കേന്ദ്രത്തിൽ സേവനം ചെയ്തിരുന്ന അച്യുതാനന്ദ് മിശ്ര 2016 മുതൽ സൈനിക രഹസ്യങ്ങൾ കൈമാറിയെന്നാണു വിവരം. വിവിധ ബിഎസ്എഫ് കേന്ദ്രങ്ങളുടെ വിവരങ്ങൾ, ആയുധശേഖരം സംബന്ധിച്ച വിശദാംശങ്ങൾ, ക്യാംപിന്റെ ചിത്രങ്ങൾ എന്നിവയെല്ലാം വാട്സാപ്പിലൂടെ കൈമാറിയതായി യുപി പൊലീസ് മേധാവി ഒ.പി.സിങ് പറഞ്ഞു. 

പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തക എന്ന വ്യാജേന ഫെയ്സ്ബുക്കിലൂടെയാണു യുവതി പരിചയപ്പെട്ടത്. പിന്നാലെ വാട്സാപ്പിലൂടെയായി ഇടപാടുകൾ. മിശ്രയുടെ ഫോണിൽ പാക്കിസ്ഥാനി സുഹൃത്ത് എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരിലേക്കാണു വിവരങ്ങൾ കൈമാറിയിരുന്നതെന്നും ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അച്യുതാനന്ദ് മിശ്രയെ തിങ്കളാഴ്ചയാണു കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. രഹസ്യങ്ങൾ കൈമാറിയതിനു പണം കിട്ടിയോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ചുവരുന്നു.