Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്‌ഗഡ് വർക്കിങ് പ്രസിഡന്റ് ബിജെപിയിൽ; കോൺഗ്രസിന് ഞെട്ടൽ

ramdayal-uike രാംദയാൽ ഉയ്കെ

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ കോൺഗ്രസിനു തിരിച്ചടി നൽകി പാർട്ടി വർക്കിങ് പ്രസിഡന്റ് രാംദയാൽ ഉയ്കെ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം വരെ പ്രചാരണത്തിന്റെ മുൻനിരയിൽ നിന്ന രാംദയാൽ എതിർപക്ഷത്തേക്കു ചാടിയതു കോൺഗ്രസിനെ ഞെട്ടിച്ചു. സീറ്റ് നിർണയ ചർച്ചകൾ പുരോഗമിക്കവേയാണു പാലി–തൻഖർ മണ്ഡലത്തിലെ എംഎൽഎ കൂടിയായ രാംദയാൽ ബിജെപിയിലെത്തിയത്.

സംസ്ഥാന വിഭജനത്തിനു മുൻപ് 1998 ൽ ബിജെപി ടിക്കറ്റിലാണു സഭയിലെത്തിയത്. പിന്നീട് 2000 ൽ കോൺഗ്രസിലെത്തി. രണ്ടു പതിറ്റാണ്ടായി നിയമസഭാംഗമാണ്. മുഖ്യമന്ത്രി രമൺ സിങ്, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

ബസ്തർ മേഖലയിൽ നിർണായക സ്വാധീനമുള്ള രാംദയാൽ ബിജെപിയിൽ ചേരുന്നതു തിരിച്ചടി യായേക്കുമെന്ന ആശങ്കയിലാണു കോൺഗ്രസ്.

തർക്കം സഖ്യത്തെച്ചൊല്ലി

ഗോണ്ട്വാന ഗണതന്ത്ര പാർട്ടിയുമായി (ജിജിപി) സഖ്യരൂപീകരണത്തിനു കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളാണു രാംദയാലിനെ പ്രകോപിപ്പിച്ചതെന്നാണു സൂചന. പാലി–തൻഖർ മണ്ഡലത്തിൽ ജിജിപിക്കു കണ്ണുണ്ട്. സഖ്യത്തിൽ അഞ്ചു സീറ്റുകൾ ജിജിപി ആവശ്യപ്പെട്ടപ്പോൾ മൂന്നെണ്ണം നൽകാമെന്നു കോൺഗ്രസ് നിലപാടെടുത്തു. അതിനു സമ്മതിച്ച ജിജിപി പാലി മണ്ഡലം ആവശ്യപ്പെട്ടതാണു രാംദയാലിനെ ചൊടിപ്പിച്ചത്.

നാലു തവണ ഇവിടെ എംഎൽഎ ആയിട്ടുള്ള രാംദയാലിന്റെ പ്രധാന എതിരാളിയാണു ജിജിപി നേതാവ് ഹീരാ സിങ് മർകം. അദ്ദേഹത്തിനു സീറ്റ് നൽകിയാൽ മാത്രമേ സഖ്യത്തിനൊപ്പം ചേരൂവെന്ന ഉറച്ച നിലപാടിലാണു ജിജിപി.

ഇതിനിടെ, സിപിഐയുമായി സഖ്യത്തിലേർപ്പെടാനുള്ള കോൺഗ്രസ് നീക്കങ്ങളും ഫലം കണ്ടിട്ടില്ല. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളായ കോണ്ട, ചിത്രകൂട്, ദന്ദേവാഡ എന്നിവയാണു സിപിഐ ആവശ്യപ്പെടുന്നത്.

related stories