Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ നഗരസഭാ തിരഞ്ഞെടുപ്പ്: 3–ാം ഘട്ടത്തിലും പോളിങ് ശുഷ്കം

vote

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ നഗരസഭാ തിരഞ്ഞെടുപ്പിന്റെ 3–ാം ഘട്ടത്തിലും വോട്ടർമാരുടെ പങ്കാളിത്തം ശുഷ്കം. കശ്മീർ താഴ്‍വരയിൽ വെറും 3.49 % ആളുകളാണ് വോട്ടുചെയ്തത്.

ശ്രീനഗർ നഗരസഭയിൽ 1.8% മാത്രം. എന്നാൽ, ജമ്മു മേഖലയിൽ കഴിഞ്ഞ ഘട്ടങ്ങളിലേതുപോലെ മികച്ച പോളിങ് നടന്നു. സാംബയിൽ 82%. ജമ്മുവിൽ തിരഞ്ഞെടുപ്പു പൂർത്തിയായി.

ആദ്യ രണ്ടു ഘട്ടങ്ങളിൽ നിന്നു വ്യത്യസ്തമായി ഉത്തര കശ്മീരിലെ അതിർത്തി ജില്ലയായ ബാരമുള്ളയിലെ ഉറിയിൽ 75.34% പേർ വോട്ടുചെയ്തു. മൂന്നാം ഘട്ടത്തിൽ സംസ്ഥാന ശരാശരി 16.4%. ദക്ഷിണകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ മറ്റാൻ നഗരസഭയിൽ പോളിങ് 2.81% മാത്രം. അനന്ത്നാഗ് മുൻസിപ്പൽ കൗൺസിലിലെ വീണ്ടും വോട്ടെടുപ്പു നടന്ന ഷീർപോറ വാർഡിൽ 1.39% പേരെ വോട്ടുചെയ്തുള്ളു.

സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ കക്ഷികളായ നാഷനൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നു.