Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഎസിന്റെ എതിർപ്പും വിഫലം ഇഎസ്ഐ ഫണ്ട് ചുമതല റിലയൻസിന് തന്നെ

Anil Ambani അനിൽ അംബാനി

ന്യൂഡൽഹി ∙ ഇഎസ്ഐ കോർപറേഷൻ സഞ്ചിതനിധിയിലെ പകുതിയോളം തുകയുടെ ഫണ്ട് മാനേജരായി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ സർക്കാർ നിയോഗിച്ചു. ഭരണകക്ഷി തൊഴിലാളി സംഘടനയുടെ എതിർപ്പ് അവഗണിച്ചാണു തീരുമാനം. വിദേശ ബാങ്കായ സ്റ്റാൻഡേഡ് ചാർട്ടേഡിനെ കസ്റ്റോഡിയനായും നിയോഗിച്ചിട്ടുണ്ട്. 35,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുക. കഴിഞ്ഞ മാസം 18നു ചേർന്ന ഇഎസ്ഐ കോർപറേഷൻ ഭരണസമിതിയുടേതാണു തീരുമാനം.

ഫണ്ട് കൈകാര്യം ചെയ്യാൻ ദേശസാൽകൃത ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഏൽപിക്കാത്തതിലാണു ബിഎംഎസ് പ്രതിഷേധിച്ചത്. സിഐടിയുവും ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. 11 കോടിയോളം തൊഴിലാളികൾ ഇഎസ്ഐയ്ക്കു കീഴിലുണ്ട്. സ്ഥാപനത്തിന്റെ ആകെ സഞ്ചിതനിധി 73,000 കോടിയോളം രൂപയാണ്. ഫണ്ട് മാനേജർമാരായി പൊതുമേഖലാ സ്ഥാപനങ്ങളെ നിയോഗിക്കണമെന്നാണു പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ നിർദേശം.

സർക്കാർ ഫണ്ടുകളിൽ നിക്ഷേപിക്കാതെ സ്വകാര്യസ്ഥാപനങ്ങൾ വഴി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാവില്ലെന്നു തൊ‌ഴിലാളി യൂണിയനുകൾ ഭയക്കുന്നു. പിഎഫ് ഫണ്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നുണ്ട്. ഇതിനോടും യൂണിയനുകൾക്ക് എതിർപ്പുണ്ട്.