Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനനഷ്ടക്കേസ്: അക്ബറും സാക്ഷികളും 31ന് ഹാജരാകണം

mj-akbar-single എം.ജെ. അക്ബർ

ന്യൂഡൽഹി ∙ മീ ടൂ പ്രചാരണത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ 31നു സാക്ഷികൾക്കൊപ്പം ഹാജരായി മൊഴി നൽകാൻ മുൻ മന്ത്രി എം.ജെ. അക്ബറിനു കോടതി നിർദേശം നൽകി.

സ്വന്തം നിലയിൽ  നിയമനടപടികൾ സ്വീകരിക്കുമെന്ന പ്രസ്താവനയോടെ കഴിഞ്ഞ ദിവസമാണ് അക്ബർ മന്ത്രിസഭയിൽ നിന്നു രാജിവച്ചത്. 16 വനിതകൾ ‘മീ ടൂ’ ആരോപണമുന്നയിച്ചെങ്കിലും ആദ്യം ആരോ‌പണമുന്നയിച്ച പ്രിയ രമണിയെ മാത്രം എതിർകക്ഷിയാക്കിയാണു കേസ്.

കേസിൽ പരാമർശിച്ചിട്ടുള്ള 6 സാക്ഷികളെയും ഹാജ‌രാക്കാനാണു പട്യാല ഹൗസ് അഡീഷനൽ ചീഫ് മെട്രപ്പോലിറ്റൻ മജിസ്ട്രേട്ട് സമർ വിശാൽ നിർദേശിച്ചത്. അക്ബറുടെയും സാ‌ക്ഷികളെയും മൊഴി കേട്ടശേഷം എതിർകക്ഷിക്കു നോട്ടിസ് അയയ്ക്കണോയെന്നു തീരുമാനിക്കും.

തുടർച്ചയായുണ്ടായ പ്രചാരണത്തെത്തുടർന്നാണ് അക്ബറിനു മന്ത്രിസ്ഥാനമൊഴിയേണ്ടി വന്നതെന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അക്ബറിന്റെ അഭിഭാഷകരായ ഗീത ലുത്രയും സന്ദീപ് കപൂറും പറഞ്ഞു. വിദേശമാധ്യമ‌ങ്ങൾ പുനഃപ്രസിദ്ധീകരിച്ച ട്വീറ്റുകളും അപമാനകരമായി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അ‌ക്ബറുടെ നിലപാട്.  നിയമ പോരാട്ടത്തിൽ പ്രിയ രമണിയെ സഹായിക്കാൻ വനിതാ സംഘടനകളടക്കം മുന്നോട്ടു വന്നിട്ടുണ്ട്.

പാർട്ടികൾ സമിതി ഉണ്ടാക്കണം: മേനക

പീഡനപരാതികൾ അന്വേഷിക്കുന്നതിന് ആഭ്യന്തര സമിതികൾക്കു രൂപം നൽകാൻ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രാഷ്ട്രീയ പാർട്ടികളോടാവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ വനിതകളേറെ, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം പാർട്ടികൾക്കുണ്ട് – മന്ത്രി പറഞ്ഞു. ഇതേസമയം, രാഷ്ട്രീയ പാർട്ടി ഓഫിസുകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കാണു നിയമം ബാധകമാവുക.

കേസ് പിൻവലിക്കണം: എഡിറ്റേഴ്സ് ഗിൽഡ്

ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരായ കേസ് പിൻവലിക്കാൻ മുൻ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് അക്ബറിനോട് ആവശ്യപ്പെട്ടു. വനിതാ മാധ്യമപ്രവർത്തകർക്കു പൂർണ പിന്തുണ പ്രഖ്യാപിച്ച ഗിൽഡ്, അവർക്കു നിയമ സഹായം ലഭ്യമാക്കുമെന്നും അറിയിച്ചു

related stories