ബെള്ളാരി റെഡ്ഡി ഒളിവിൽ തന്നെ; വീട്ടിൽ റെയ്ഡ്

ബെംഗളൂരു∙ കർണാടക മുൻ മന്ത്രിയും ബെള്ളാരിയിലെ വൻ ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിയുടെ വീട്ടിലും ഓഫിസിലും മണിചെയിൻ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു റെയ്ഡ്. ഒളിവിലുള്ള റെഡ്ഡിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

200 കോടിയുടെ വെട്ടിപ്പ് നടത്തിയ മണിചെയിൻ കമ്പനി ഉടമ സയദ് അഹമ്മദ് ഫരീദിനു ജാമ്യം സംഘടിപ്പിക്കാൻ അയാളിൽ നിന്ന് 21 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു റെഡ്ഡിക്കെതിരെയുള്ള കേസ്.  57 കിലോ സ്വർണക്കട്ടികളും പണവുമായാണു റെഡ്ഡി തുക വാങ്ങിയതെന്നാണു റിപ്പോർട്ട്. 

മൂന്നു മാസത്തിനിടെ റെഡ്ഡിയും പ്രൈവറ്റ് സെക്രട്ടറി മെഹ്ഫൂസ് അലിഖാനും നടത്തിയ ഫോൺ കോളുകളും പരിശോധിക്കുന്നു. ഇരുവരും ഹൈദരാബാദിൽ  ഒളിവിൽ കഴിയുന്നുവെന്നു റിപ്പോർട്ടുകളുണ്ട്.  ഖാന്റെ വീട്ടിലും റെയ്ഡ് നടത്തി. 

തട്ടിപ്പ് നടത്തിയ ആംബിഡന്റ് കമ്പനി ഉടമ ഫരീദിനെ വീണ്ടും ചോദ്യം ചെയ്തു. കമ്പനിയും റെഡ്ഡിയുമായുള്ള ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങൾ കണ്ടെടുത്തുന്നതിനാണിത്.