Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ ബിജെപിക്കു വൻ തിരിച്ചടി; എംപിയും എംഎൽഎയും കോൺഗ്രസിൽ

bjp-logo

ജയ്പുർ∙ രാജസ്ഥാനിൽ ഭരണകക്ഷിയായ ബിജെപിക്കു തിരിച്ചടിയായി ദൗസ എംപി ഹരീഷ് ചന്ദ്ര മീണ പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നു. സീറ്റ് ലഭിക്കാതെ ബിജെപി വിട്ട നഗോർ എംഎൽഎ ഹബീബുർ റഹ്മാനും കോൺഗ്രസിൽ ചേർന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്നു മന്ത്രി സുരേന്ദ്ര ഗോയലും പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു.

ഗോയലടക്കം സീറ്റ് ലഭിക്കാത്ത 21 സിറ്റിങ് എംഎൽഎമാർ വിമതരായി രംഗത്തുവരുമെന്നു പ്രഖ്യാപിച്ചിരിക്കെയാണു മീണയുടെ രാജി. മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന നമോനാരായൺ മീണയുടെ ഇളയ സഹോദരനാണ്. ഡിജിപി ആയിരിക്കെ 2013 ൽ പദവി രാജിവച്ചാണു ബിജെപിയിൽ േചർന്നതും 2014 ൽ ലോക്സഭയിലേക്കു മൽസരിച്ചതും.

രാജസ്ഥാനിലെ ജാതി സമവാക്യങ്ങളിൽ ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന സമുദായങ്ങളാണു മീണയും ഗുജ്ജറും. ഗുജ്ജർ വിഭാഗത്തിൽനിന്നുള്ള സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായേക്കുമെന്ന ശ്രുതി ഉയർന്നപ്പോൾ മുതൽ മീണ സമുദായം ആരെ പിന്തുണയ്ക്കുമെന്ന ചോദ്യം ഉയർന്നിരുന്നു.

ബിജെപിയുടെ ഏക മുസ്‍ലിം എംഎൽഎയായിരുന്നു ഹബീബുർ റഹ്മാൻ. 2001–03 കാലത്ത് അശോക് ഗെലോട്ട് മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നു 2008 ലാണു ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റിൽ ജയിച്ചെങ്കിലും ആർഎസ്എസിന്റെ എതിർപ്പിനെ തുടർന്ന് ഇത്തവണ സീറ്റ് നൽകിയില്ല.

ബിജെപി @ 270

ലോക്സഭയിൽ 272 എന്ന മാജിക് നമ്പർ ബിജെപിക്കു നഷ്ടം. ഹരീഷ് ചന്ദ്ര മീണയുടെ രാജിയും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മരണവും മൂലം 2 സീറ്റ് കൂടി കുറഞ്ഞതോടെയാണിത്.

ലോക്സഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം 543 ആണ്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 272. വോട്ടവകാശമുള്ള 2 ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെ പിന്നീടാണു നാമനിർദേശം ചെയ്യുന്നത്. ഇവരെക്കൂടി ചേർത്താൽ ബിജെപിയുടെ അംഗബലം ഇപ്പോൾ 272. പാർട്ടി 2014 ൽ അധികാരത്തിലെത്തിയത് 282 സീറ്റുമായാണ്. ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയെത്തുടർന്നു സീറ്റ് കുറഞ്ഞെങ്കിലും ഇപ്പോഴും ഒറ്റയ്ക്കു കേവലഭൂരിപക്ഷമുണ്ട്.

12 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ സഭയുടെ അംഗബലം 533 ആണ്. കേവല ഭൂരിപക്ഷത്തിന് 267 മതി.