Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ ബിജെപിക്ക് വിമതർ തലവേദന

തിരഞ്ഞെടുപ്പിനൊരുങ്ങി രാജസ്ഥാൻ, വിഡിയോ സ്റ്റോറി കാണാം

ജയ്പുർ ∙ സീറ്റ് കിട്ടാത്തവർ പോരിനിറങ്ങിയതു രാജസ്ഥാനിൽ ബിജെപിക്കു തലവേദനയായി. സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചു മന്ത്രി സുരേന്ദ്ര ഗോയൽ സ്വതന്ത്രനായി മൽസരിക്കുമെന്നു പ്രഖ്യാപിച്ചു. സീറ്റ് കിട്ടാത്ത മറ്റ് 20 എംഎൽഎമാരും മൽസരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ എത്രപേരെ സമാധാനിപ്പിച്ചു കൂടെനിർത്താനാകുമെന്നതു നിർണായകമാകും.

ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 26 എംഎൽഎമാർക്കാണു സീറ്റ് നിഷേധിച്ചത്. ഇവരിൽ 5 പേരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ സീറ്റ് നൽകിയിട്ടുണ്ട്. അല്ലാത്തവരാണ് വിമതഭീഷണി ഉയർത്തുന്നത്.

ടിക്കറ്റ് നിഷേധിക്കപ്പെട്ട പാർട്ടി ജനറൽ സെക്രട്ടറി കുൽദീപ് ധൻകർ രാജിവച്ചു. ഏക മു‌സ്‌ലിം എംഎൽഎ ആയിരുന്ന ഹബീബുർ റഹ്മാനും പാർട്ടി വിട്ടേക്കും. അതിനിടെ, മുഖ്യമന്ത്രി വസുന്ധര രാജെ മുതിർന്ന നേതാക്കളുമായി വിമത പ്രശ്നം ചർച്ച ചെയ്തു. ഭൂരിപക്ഷം പേരെയും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു നേതൃത്വം.