Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ്: രണ്ടാം ഘട്ടത്തിൽ 71.93% പോളിങ്

chhattisgarh-second-phase-election ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിലുള്ള പോളിങ് ബൂത്തിൽനിന്ന്, വോട്ട് ചെയ്തതിനു ശേഷം പുറത്തുവന്ന വയോധിക വിരലിലെ വോട്ടടയാളം ഉയർത്തിക്കാട്ടുന്നു. ചിത്രം: പിടിഐ

റായ്പുർ ∙ ഛത്തീസ്ഗഡ് നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 71.93% പോളിങ്. 72 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ഈ മണ്ഡലങ്ങളിൽ 2013 ൽ 71.13% ആയിരുന്നു പോളിങ്. പോളിങ് സമയം കഴിഞ്ഞും ബൂത്തുകളിൽ ആളുകൾ ക്യൂവിലുണ്ടായിരുന്നു. അവസാന കണക്കിൽ പോളിങ് ശതമാനം ഇനിയും കൂടുമെന്നാണു കരുതുന്നത്.  12ന് നടന്ന ആദ്യഘട്ടത്തിൽ 18 മണ്ഡലങ്ങളിൽ 76% ആയിരുന്നു പോളിങ്. ഇതോടെ ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പു പൂർത്തിയായി. ഡിസംബർ 11 നാണ് വോട്ടെണ്ണൽ. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ‘സെമിഫൈനൽ’ ആയി വിലയിരുത്തപ്പെടുന്ന 5 സംസ്ഥാന തിരഞ്ഞെടുപ്പിലെ ആദ്യഘട്ടമാണ് ഇന്നലെ പൂർത്തിയായത്.

1079 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്. 119 പേർ സ്ത്രീകളാണ്.  15 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവിനു വിപരീതമായ ത്രികോണ മൽസരമാണ്. ബിജെപി – കോൺഗ്രസ് നേർക്കുനേർ മൽസരമായിരുന്നു പതിവെങ്കിൽ ഇത്തവണ അജിത് ജോഗിയുടെ ജനതാ കോൺഗ്രസും ബിഎസ്പിയും ചേർന്നുള്ള സഖ്യം ശക്തമായി രംഗത്തുണ്ട്.
വോട്ടിങ് പൊതുവേ സമാധാനപരമായിരുന്നു. 1.5 ലക്ഷം സുരക്ഷാ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 8 ജില്ലകളിൽ കൂടുതൽ സന്നാഹങ്ങൾ ഒരുക്കി.

ചില ബൂത്തുകളിൽ യന്ത്രത്തകരാറു മൂലം പോളിങ് വൈകി. ബിലാസ്പുർ ജില്ലയിലെ മർവാഹി മണ്ഡലത്തിലെ ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫിസറെ പാരാതിയെത്തുടർന്നു നീക്കി. മറ്റൊരിടത്ത് ജീവനക്കാരനെ നീക്കി.

കോൺഗ്രസ് പരാതി നൽകി

ന്യൂഡൽഹി ∙ ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ തിരിമറി നടത്താൻ ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ചു കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഒരു ബിജെപി അനുഭാവിയുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 3 വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.എൽ. പുനിയ, മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സുഷ്മിത ദേവ് എന്നിവർ പരാതിയിൽ പറഞ്ഞു.  പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ബിജെപി പ്രവർത്തകന്റെ പക്കൽ നിന്നു 2 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നെന്നും ആരോപിച്ചു.
 

related stories