Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധവിമാന വിവാദത്തെ നേരിടാൻ ഹെലികോപ്റ്റർ വിവാദം

Michel Christian അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്നലെ പുലർച്ചെ ഡൽഹിയിലെ സിബിഐ ഓഫിസിൽ എത്തിച്ചപ്പോൾ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനും ബ്രിട്ടിഷ് പൗരനുമായ ക്രിസ്റ്റ്യൻ മിഷേലിനെ ഡൽഹിയിലെ പ്രത്യേക കോടതി 5 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം യുഎഇയിൽനിന്ന് ഇന്ത്യയ്ക്കു വിട്ടുകിട്ടിയ മിഷേലിനെ ഇന്നലെ വൈകിട്ടാണു കോടതിയിൽ ഹാജരാക്കിയത്. അഭിഭാഷകരുടെ സാന്നിധ്യത്തിലാവണം ചോദ്യം ചെയ്യലെന്ന് കോടതി നിർദേശിച്ചു.

ഇതിനിടെ, റഫാൽ യുദ്ധവിമാന ഇടപാട് വിവാദത്തിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്്റ്റർ കേസിലൂടെ കോൺഗ്രസിനെതിരെ പുതിയ പോർമുഖം തുറന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ അവസാനത്തേതായ രാജസ്ഥാനിലും തെലങ്കാനയിലും പ്രചാരണം അവസാനിച്ച ഇന്നലെ അഗസ്റ്റ വിവാദമാണ് ബിജെപി ആയുധമാക്കിയത്.

റഫാലിനൊപ്പം സിബിഐ ഡയറക്ടർ വിവാദവും കേന്ദ്രസർക്കാരിനെ വിഷമവൃത്തത്തിലാക്കിയിരുന്നു. സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ആലോക് വർമയെ നീക്കയതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും ആരോപണങ്ങളുയർന്നു. ഇതിനിടയിലാണ്, അഗസ്റ്റ വിഷയത്തിൽ സിബിഐ നീക്കങ്ങൾ വിജയം നേടിയത്. സിബിഐയുടെ ചുമതല വഹിക്കുന്ന നാഗേശ്വരറാവുവിന്റെ നേതൃത്വത്തിലാണിത്. മിഷേലിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾക്കു ചുക്കാൻ പിടിച്ചതു ഡോവലാണെന്നു പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ മിനുക്കാൻ സിബിഐതന്നെ ശ്രമിക്കുകയും ചെയ്തു.

ഇതേസമയം, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അഗസ്റ്റ കേസിനെ ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കാനാണ് ശ്രമമെന്നും പണം നൽകിയത് സോണിയയ്ക്കും മറ്റുമാണെന്ന് മിഷേലിനെക്കൊണ്ടു പറയിക്കാൻ സിബിഐ സമ്മർദം ചെലുത്തുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.

എന്താണ് ഇടപാട് ? 

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി, ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽനിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാട്. 

എന്താണ് വിവാദം ? 

അഗസ്റ്റ കമ്പനിയെ സഹായിക്കാൻ നിബന്ധനകളിൽ മാറ്റം വരുത്തി. 3600 കോടി രൂപയുടെ കരാറിൽ 362 കോടിയുടെ കോഴ ഇടപാട് നടന്നു. 

വംശവാഴ്ചക്കാർ വിറയ്ക്കുന്നു

അയാൾ (മിഷേൽ) രഹസ്യങ്ങൾ വെളിപ്പെടുത്താൻ പോകുന്നു. വംശവാഴ്ചക്കാരുടെ കുടുംബം ഒന്നടങ്കം വിറയ്ക്കുകയാണ്. ആയിരക്കണക്കിനു കോടികളുടെ കാര്യമാണ്. ഏതൊക്കെ പേരുകൾ പറയുമെന്ന് ഒരു നിശ്ചയവുമില്ല. അവർ വിറളി പിടിച്ചിരിക്കുകയാണ്. എവിടംവരെ പോകുമെന്ന് നമുക്ക് നോക്കാം. – പ്രധാനമന്ത്രി നരേന്ദ്ര മോദി

സോണിയയെ കുടുക്കൂ; രക്ഷിക്കാം

സോണിയയ്ക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് മോദി സർക്കാർ മിഷേലിനു വാഗ്ദാനം നൽകിയതായി ദുബായ് അഭിഭാഷക സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വൈരം തീർക്കാൻ വ്യാജ തെളിവുകളുണ്ടാക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. – രൺദീപ്സിങ് സുർജേവാല, കോൺഗ്രസ് വക്താവ്