Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐഎസ്‌സി സ്ഫോടനം: അട്ടിമറിയില്ലെന്ന് പൊലീസ്; സുരക്ഷാവീഴ്ചയെന്നു മരിച്ചയാളുടെ ബന്ധുക്കൾ

IISc-explosion

ബെംഗളൂരു∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(ഐഐഎസ്‌സി) ഉണ്ടായ ഹൈഡ്രജൻ സിലിണ്ടർ സ്ഫോടനം അട്ടിമറി ശ്രമമല്ലെന്നു പൊലീസ്. അതേസമയം, സുരക്ഷാ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന്, സംഭവത്തിൽ മരിച്ച ഗവേഷകൻ മനോജ് കുമാറിന്റെ (32) കുടുംബാംഗങ്ങൾ ആരോപിച്ചു. പരുക്കേറ്റ എയ്റോസ്പേസ് എൻജിനീയർമാർ അതുല്യ ഉദയ്കുമാർ (24), കാർത്തിക് ഷെണോയ് (25), നരേഷ് കുമാർ (33) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. 

എയ്റോസ്പേസ് എൻജിനീയറിങ് വിഭാഗത്തിലെ ഹൈപ്പർസോണിക് ആൻഡ് ഷോക് വേവ് ലാബിനു കീഴിലുള്ള സ്റ്റാർട്ടപ്പിനു വേണ്ടി മനോജും സംഘവും ഗവേഷണം നടത്തുന്നതിനിടെയായിരുന്നു അപകടം. 

അതീവ മർദത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, ഹീലിയം , നൈട്രജൻ വാതകങ്ങൾ ഉപയോഗിച്ചു ഗവേഷണം നടത്തുന്നതിനിടെ ഇവ കൂടിക്കലർന്നതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. 

ഐഐഎസ്‍സിയുടെ ആഭ്യന്തര അന്വേഷണത്തിനു പുറമെ ഫോറൻസിക് വിദഗ്ധരും തെളിവെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പുറത്തുവന്നാലേ യഥാർഥ കാരണം വ്യക്തമാകൂ.