Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ ഉടൻ രാജ്യസഭയിൽ

PRAVASI-VOTE-LOGO

ന്യൂഡൽഹി∙ പ്രവാസികൾക്ക് വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ അടുത്തയാഴ്ച തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ദുബായിലെ സംരംഭകൻ ഡോ.വി.പി. ഷംസീർ നൽകിയ ഹർജി സുപ്രീം കോടതി ജനുവരിയിൽ പരിഗണിക്കാൻ മാറ്റി.

ബിൽ ലോക്സഭ പാസാക്കിയെന്നും രാജ്യസഭ കൂടി പാസാക്കിയാൽ തുടർനടപടികൾ വൈകില്ലെന്നും കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ആത്മാറാം നദ്കർണി വ്യക്തമാക്കി. തുടർന്നാണ്, ജഡ്ജിമാരായ മദൻ ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കേസ് ജനുവരിയിലേക്കു മാറ്റിയത്. ഹർജിക്കാരനുവേണ്ടി ഹാരീസ് ബീരാനും തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി മോഹിത് റാമും ഹാജരായി.   

കഴിഞ്ഞ ഓഗസ്റ്റിലാണ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. പ്രവാസിക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് നിയമഭേദഗതി. 2014 ലാണ് ഡോ. ഷംസീർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.