Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്ത്യൻ മിഷേൽ കോഴപ്പണം കടത്തിയത് വ്യാജ കമ്പനികളിലൂടെ

Christian Michel Agusta Westland

ന്യൂഡൽഹി∙ വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ ഇടനിലക്കാരനായ ബ്രിട്ടിഷ് പൗരൻ ക്രിസ്ത്യൻ മിഷേൽ അഴിമതിപ്പണം നിക്ഷേപിച്ചത് വ്യാജ കമ്പനികളിലെന്ന് രേഖകൾ. കസ്റ്റഡിയിലുള്ള മിഷേലിനെ ഈ രേഖകളുടെ പിൻബലത്തിൽ ചോദ്യം ചെയ്യുകയാണ് സിബിഐ.

മിഷേൽ, ഇന്ത്യക്കാരായ പങ്കാളികളുടെ സഹായത്തോടെ വ്യാജ കമ്പനികൾ സ്ഥാപിച്ച് ഇവയിലൂടെ പണം തന്റെ ദുബായിലുള്ള കമ്പനിയിലേക്ക് എത്തിക്കുകയായിരുന്നെന്ന് സിബിഐ കണ്ടെത്തി. ആർ.െക. നന്ദ, ജെ.ബി. ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ഇതിന് മിഷേലിനെ സഹായിച്ചത്. നന്ദ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്.

ബാലസുബ്രഹ്മണ്യന്റെ സഹായത്തോടെ മിഷേൽ ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുകയും ചെയ്തു. 3 സ്ഥലങ്ങൾ വ്യാജകമ്പനിയുടെ പേരിൽ വാങ്ങി. പിന്നീട് ഇതിൽ രണ്ടെണ്ണം വിറ്റ് തുക മിഷേലിനു കൈമാറി. മിഷേലിന്റെ ഇമെയിലുകളും പാസ്‍വേഡും സിബിഐ കണ്ടെത്തി. ഹെലികോപ്റ്റർ ഇടപാട് കാലത്തെ സന്ദേശങ്ങളെല്ലാം ഇയാൾ നശിപ്പിച്ചിട്ടുണ്ട്. ഇവ വീണ്ടെടുക്കാനായി സിബിഐ വിദഗ്ധരുടെ സഹായം തേടി.

ഇന്നു കോടതിയിൽ ഹാജരാക്കുന്ന മിഷേലിന്റെ കസ്റ്റഡി നീട്ടിക്കിട്ടാൻ സിബിഐ ആവശ്യമുന്നയിക്കും.