Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

Vijay Mallya

ലണ്ടൻ∙ ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്. മല്യ രാജ്യം വിടുന്നതു തടഞ്ഞില്ലെന്ന പേരിൽ കേന്ദ്ര സർക്കാർ കടുത്ത വിമർശനം നേരിട്ട കേസിൽ നിർണായക വഴിത്തിരിവാണിത്.

മല്യയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശ ലംഘനമാകില്ലെന്നും വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത‌്‌നോട്ട് വ്യക്തമാക്കി. ഉത്തരവ് തുടർനടപടികൾക്കും അംഗീകാരത്തിനുമായി ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദിനു കൈമാറി.

മല്യയ്ക്ക് 14 ദിവസത്തിനകം ലണ്ടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. അപ്പീൽ നൽകാതിരിക്കുകയും മന്ത്രി കൈമാറ്റ ഉത്തരവിടുകയും ചെയ്താൽ 28 ദിവസത്തിനകം തീരുമാനം നടപ്പാക്കണം. എന്നാൽ, മന്ത്രിയുടെ ഉത്തരവും ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം. തുടർന്നു സുപ്രീം കോടതിയിലും അപ്പീലിന് അവസരമുള്ളതിനാൽ പ്രതിയെ ഇന്ത്യയിലെത്തിക്കാൻ വൈകിയേക്കും.

തട്ടിപ്പുകാരനല്ല താനെന്നും വായ്പയെടുത്ത മുതല് തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം വ്യാജമല്ലെന്നും ഇന്നലെ വിധിപ്രഖ്യാപനത്തിനു മുൻപും കോടതിക്കു പുറത്തു മല്യ ആവർത്തിച്ചു. ബാങ്കുകൾ ഈ വാഗ്ദാനം നേരത്തേ തന്നെ തള്ളിയതാണ്.

ഏപ്രിൽ– മേയ് കാലയളവിൽ പൊതുതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ അതിനു മുൻപെങ്കിലും കൈമാറ്റം യാഥാർഥ്യമാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ്. 2016 മാർച്ചിൽ ലണ്ടനിലേക്കു പോകും മുൻപു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന മല്യയുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

കിങ്ഫിഷർ എയർലൈൻസിനായി 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 6963 കോടി രൂപയാണു വായ്പയെടുത്തത്. പലിശയടക്കം ഇപ്പോഴത്തെ ബാധ്യത 9400 കോടി രൂപ.