Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സപ്തസോദരിമാർ ‌വീണ്ടും ‘കൈ’വിട്ടു

Mizoram Leaders

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായി കോൺഗ്രസിനെ തഴയുന്നത് ഇതു രണ്ടാംതവണ. അടിയന്തരാവസ്ഥയ്ക്കു ശേഷം 1978– 80 ൽ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടെങ്കിലും പിന്നീടു ശക്തമായി തിരിച്ചെത്തി. 7 സംസ്ഥാനങ്ങളെയും ചേർത്തു ‘സപ്തസോദരിമാർ’ എന്നാണു വിശേഷണം. 

ഇക്കുറി മിസോ നാഷണൽ ഫ്രണ്ടിനു മുന്നിൽ (എംഎൻഎഫ്) അതിദയനീയ പരാജയം ഏറ്റുവാങ്ങിയാണു കോൺഗ്രസിന്റെ പിൻവാങ്ങൽ. വടക്കുകിഴക്കൻ ഇന്ത്യയിൽ 2 വർഷത്തിനിടെ ഇത് അഞ്ചാം സംസ്ഥാനമാണു കോൺഗ്രസിനു നഷ്ടമാകുന്നത്. 

മേഘാലയ, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവയായിരുന്നു ഈ കാലയളവിൽ ഭരണം പോയ മറ്റു സംസ്ഥാനങ്ങൾ. ദീർഘകാലം സിപി‌എം ഭരിച്ച ത്രിപുരയും ബിജെപി പിടിച്ചടക്കി. മണിപ്പുരിലും അരുണാചലിലും ബിജെപിയാണു ഭരണകക്ഷി. 

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മേഘാലയയിലും നാഗാലാൻഡിലും ഘടകകക്ഷികളുമായി ചേർന്നു മന്ത്രിസഭ രൂപീകരിച്ചാണ് ബിജെപി കോൺഗ്രസിനെ അകറ്റിയത്. അവസാനത്തെ ആശ്രയമായിരുന്നു മിസോറം. ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചു കഴിഞ്ഞ തവണ അധികാരം നിലനിർത്തിയ കോൺഗ്രസിന് ഇക്കുറി അടിതെറ്റി. മൂന്നു പതിറ്റാണ്ടായി ഓരോ 10 വർഷത്തിലും ഭരണമാറ്റമെന്ന പതിവ് മിസോ ജനത ആവർത്തിച്ചു. 

അടിയന്തരാവസ്ഥയെത്തുടർന്നു കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടപ്പോൾ മിസോറമിൽ മിസോ യൂണിയനും മിസോ പീപ്പിൾസ് കോൺഫറൻസും മാറിമാറി ഭരിച്ചു. 

അരുണാചൽ പ്രദേശ്, മണിപ്പുർ, അസം എന്നിവിടങ്ങളിൽ അന്നു ജനതാ പാർട്ടിക്കായിരുന്നു ഭരണം. അരുണാചലിൽ കുറച്ചുകാലം പീപ്പിൾസ് പാർട്ടിയും സർക്കാരുണ്ടാക്കി. ത്രിപുരയിൽ 1977ൽ ആദ്യം സിഎഫ്ഡിയും തുടർന്ന് ജനതാപാർട്ടിയും 1978 മുതൽ സിപിഎമ്മും ഭരിച്ചു. നാഗാലാൻഡിൽ യൂണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, മേഘാലയയിൽ ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസിനായിരുന്നു അന്നു സർക്കാർ രൂപീകരിക്കാൻ നിയോഗം.