Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണിയറയിൽ രാഹുലും സോണിയയും; ഹൈവോൾട്ടേജിൽ ഹൈക്കമാൻഡ്

madhyapradesh-congress-meeting ഭോപാലിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പിസിസി അധ്യക്ഷൻ കമൽനാഥ് പ്രസംഗിക്കുന്നു. ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, പ്രവർത്തകസമതി അംഗം എ.കെ. ആന്റണി, ജിതേന്ദ്ര സിങ് എന്നിവർ സമീപം. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പാക്കാൻ കോൺഗ്രസ് ദേശീയ ആസ്ഥാനത്തു നടന്നതു ചടുലമായ അണിയറ നീക്കങ്ങൾ. അവസാന നിമിഷത്തെ അപ്രതീക്ഷിത കളികൾക്കു ബിജെപി മുതിർന്നേക്കുമെന്ന കണക്കുകൂട്ടലിൽ പഴുതടച്ച നീക്കങ്ങൾക്കു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടു ചരടുവലിച്ചു. പിൻനിരയിൽ എല്ലാം സസൂക്ഷ്മം ശ്രദ്ധിച്ച്, അവശ്യ നേരങ്ങളിൽ മാത്രം അഭിപ്രായങ്ങളറിയിച്ചു സോണിയ ഗാന്ധി നിലകൊണ്ടു. ‘‘അധ്യക്ഷ പദമൊഴിഞ്ഞെങ്കിലും പാർട്ടിക്കുള്ളിലെ ഓരോ നീക്കത്തിനു പിന്നിലും മാഡത്തിന്റെ കയ്യൊപ്പുണ്ട്’’– സോണിയയുടെ റോളിനെക്കുറിച്ചു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

അണിയറയിൽ സംഭവിച്ചത്

ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലേക്ക് അയയ്ക്കുമ്പോൾ കെ.സി. വേണുഗോപാലിനു രാഹുൽ നൽകിയ നിർദേശമിങ്ങനെ: ‘‘ഗോവ ആവർത്തിക്കരുത്; കർണാടക ആവർത്തിക്കണം.’’ അവസാന നിമിഷം ഭരണം നഷ്ടപ്പെട്ട ഗോവയിലെ ദുരനുഭവമുണ്ടാകരുതെന്നും കർണാടകയിലേതു പോലെ ഭരണം ഉറപ്പാക്കണമെന്നുമുള്ള സന്ദേശവുമായി വേണുഗോപാൽ ജയ്പുരിലേക്കു പറന്നു. പുതിയ എംഎൽഎമാർ മണ്ഡലത്തിലെ ആഹ്ലാദപ്രകടനം പോലും മാറ്റിവച്ചു ജയ്പുരിലേക്ക് ഉടനടി എത്താൻ വേണുഗോപാൽ നിർദേശിച്ചു.

മധ്യപ്രദേശിൽ അനിശ്ചിതത്വം കനത്തതോടെ എ.കെ. ആന്റണിയിലേക്കു രാഹുൽ തിരിഞ്ഞു. വേണ്ടിവന്നാൽ സംസ്ഥാന നിരീക്ഷകനായി പോകണമെന്നു ചൊവ്വാഴ്ച രാത്രി അറിയിച്ചു. ഇന്നലെ രാവിലെ പാർട്ടി ആസ്ഥാനത്ത് രാഹുൽ അടിയന്തര യോഗം വിളിച്ചു. എത്രയും വേഗം മധ്യപ്രദേശിലേക്കു പോവുകയെന്ന നിർദേശം ആന്റണിക്കു ലഭിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രാഷ്ട്രീയ സാഹചര്യം ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് യോഗത്തിൽ വിശദീകരിച്ചു. 

മനസ്സറിയിച്ച് രാഹുൽ

മുഖ്യമന്ത്രി സ്ഥാനത്തേക്കു രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും തുടക്കത്തിലേ രാഹുലിന്റെ മനസ്സിലുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിന്ദി ഹൃദയഭൂമിയിലെ അനുകൂല സാഹചര്യം ഊട്ടിയുറപ്പിക്കാൻ പരിചയസമ്പന്നർക്ക് അവസരം നൽകുന്നതാണ് ഉചിതമെന്നു ദേശീയ നേതാക്കൾ നിർദേശിച്ചു. ആലോചനകളുടെ ഒരു ഘട്ടത്തിൽ അശോക് ഗെലോട്ടിനും കമൽനാഥിനും മുന്നിൽ രാഹുൽ വച്ച വ്യവസ്ഥയിങ്ങനെ – ‘‘മുഖ്യമന്ത്രി പദം നൽകാം; പക്ഷേ, ആ പദവി അനന്തമായി ആഗ്രഹിക്കരുത്.’’ ഭാവിയിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് അർഹത സച്ചിനും സിന്ധ്യയുമാണെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. സംസ്ഥാനങ്ങളിൽ ചേർന്ന നിയമസഭാ കക്ഷി യോഗങ്ങൾ അന്തിമ തീരുമാനം രാഹുലിനു വിട്ടതോടെ, എല്ലാ കണ്ണുകളും വീണ്ടും ഡൽഹിയിലേക്കായി.

sachin-pilot ജയ്പൂരിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് എത്തിയപ്പോൾ. ചിത്രം: പിടിഐ

മുതിർന്നവരുടെ മനസ്സിലിരിപ്പ്

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ കരുത്തനായി നിൽക്കുന്ന ഗെലോട്ട് പക്ഷേ, രാജസ്ഥാനിലേക്കുള്ള മടക്കം എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം ഹൈക്കമാൻഡിനെ അറിയിച്ചതിലൂടെ ഇതു വ്യ‌ക്തമാക്കുകയും ചെയ്തു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവാകുമെന്നു 2014ൽ പ്രതീക്ഷിച്ച കമൽനാഥ്, ആ പദവിയിലേക്കു മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ അമർഷത്തിലായിരുന്നു. മധ്യപ്രദേശിൽ പാർട്ടിയുടെ ചുമതല നൽകിയാണു ദേശീയ നേതൃത്വം അദ്ദേഹത്തെ തണുപ്പിച്ചത്. 

യുവാക്കളുടെ പക്ഷം

പുറമെ പരസ്പരം തോളിൽ കയ്യിടുമ്പോഴും ഇരു സംസ്ഥാനങ്ങളിലും നേതാക്കൾ തമ്മിൽ മൂപ്പിളമ തർക്കം അതിരൂക്ഷം. മുൻപ് സംസ്ഥാന ഭാരവാഹികളുടെ പുനഃസംഘടനാ വേളയിൽ ഗെലോട്ടിനെക്കുറിച്ചു പൈലറ്റും കമൽനാഥിനെക്കുറിച്ചു സിന്ധ്യയും ഹൈക്കമാൻഡിലെ മുതിർന്ന നേതാവിനോട് പറഞ്ഞത് ഒരേ വാചകങ്ങളാണ് – ‘‘അദ്ദേഹത്തെ സംസ്ഥാനത്തേക്ക് അടുപ്പിക്കരുത്; എന്നെ തകർക്കാൻ നിരന്തരം ശ്രമിക്കുകയാണ്. നിങ്ങൾ എന്റെ അച്ഛന്റെ സുഹൃത്തായിരുന്നില്ലേ...സഹായിക്കണം !’’