Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡ്: അടിയൊഴുക്കു മുൻകൂട്ടി കാണാനായില്ലെന്ന് ബിജെപി

BJP Flag

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ അടിയൊഴുക്കു മുൻകൂട്ടി കാണാനാവാതെ പോയതു സംഘടനാ പരാജയമാണെന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അജിത് ജോഗി – മായാവതി കൂട്ടുകെട്ട് ബിജെപിയെയാണു ബാധിക്കുകയെന്നു തിരിച്ചറിയാനായില്ലെന്നു പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ നേതാവു പറഞ്ഞു.

അതേസമയം, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ചലനങ്ങൾ മുൻകൂട്ടി കണ്ടു ബദൽ നടപടികൾ സ്വീകരിക്കാൻ പാർട്ടിക്കു കഴിഞ്ഞതായും വിലയിരുത്തലുണ്ടായി. രാജസ്ഥാനിൽ 45–50 സീറ്റിൽ ഒതുങ്ങുമെന്നായിരുന്നു 2 മാസം മുൻപു പാർട്ടി നടത്തിയ സർവേയിലെ കണ്ടെത്തൽ. ഇതനുസരിച്ചു കൈക്കൊണ്ട അടിയന്തര ‘രക്ഷാനടപടി’കളാണു മുഖം രക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന ഘട്ടത്തിൽ നടത്തിയ തീവ്രപ്രചാരണവും ഇതിന്റെ ഭാഗമായിരുന്നു.

വസുന്ധര രാജെയുടെ ഭരണം അഴിമതിരഹിതമായിരുന്നെങ്കിലും പാർട്ടി നിർദേശങ്ങൾക്കു വഴങ്ങാൻ അവർ പലപ്പോഴും തയാറായില്ല. പാർട്ടിയിലും പ്രവർത്തകരിലും നിന്നു സർക്കാർ അകന്നുനിന്നതു മുഖ്യ പരാജയകാരണമായി.

‘കോൺഗ്രസ് ജയിച്ചു, ബിജെപി തോറ്റില്ലെ’ന്നാണു മധ്യപ്രദേശിനെക്കുറിച്ചുള്ള വിശകലനം. 4–ാം തവണയും വിജയത്തിനടുത്തെത്തിയ പ്രകടനം നടത്താൻ കഴിഞ്ഞതു ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രതിച്ഛായയുടെയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെയും ബലത്തിലാണ്.

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു ബിജെപിയുടെ വിശകലന യോഗങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും.

പ്രധാനമന്ത്രിയുടെ റാലി കേരളത്തിൽ

ബിജെപി ഇതുവരെ ജയിച്ചിട്ടില്ലാത്ത 122 ലോക്സഭാ സീറ്റുകൾ കേന്ദ്രീകരിച്ച് അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപതോളം റാലികൾ നടത്തും. കേരളം, ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു റാലികൾ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു രാജ്യമെങ്ങും 150 റാലികളിൽ ‌പ്രധാനമന്ത്രി പ്രസംഗിക്കും.

related stories