Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഖ് കൂട്ടക്കൊലക്കേസിൽ സജ്ജൻ കുമാറിന് ആജീവനാന്തം ജയിൽ

Sajjan Kumar സജ്ജൻ കുമാർ, ബൽവാൻ ഖോഖർ, ക്യാപ്റ്റൻ ഭാഗ്‍മൽ

ന്യൂഡൽഹി∙ 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട കേസിൽ പ്രമുഖ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് (73) ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി ജീവിതാന്ത്യം വരെയാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി സജ്ജൻ കുമാർ ഉൾപ്പെടെ 6 പ്രതികളും 31നു കീഴടങ്ങണമെന്നും ഡൽഹി വിട്ടുപോകരുതെന്നും നിർദേശിച്ചു. സജ്ജൻ കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു തള്ളിയാണു ഹൈക്കോടതി വിധി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സജ്ജൻ കുമാറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. 

മറ്റു പ്രതികളിൽ ചിലർക്ക്  വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവയ്ക്കുകയും മറ്റു ചിലരുടേത് ഉയർത്തുകയും ചെയ്തു. മുൻ എംഎൽഎമാരായ മഹേന്ദർ യാദവ്, കിഷൻ ഖോഖർ, നാവികസേന മുൻ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ഭാഗ്‍മൽ, കോൺഗ്രസ് മുൻ  കൗൺസിലർ ബൽവാൻ ഖോഖർ, ഗിർധാരി ലാൽ എന്നിവരാണു മറ്റു പ്രതികൾ. ഇതിൽ മുൻ എംഎൽഎമാർക്ക് വിചാരണക്കോടതി വിധിച്ച 3 വർഷം തടവ് ഹൈക്കോടതി 10 വർഷമാക്കി ഉയർത്തി. മറ്റുള്ളവർക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചു. 

1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം ദക്ഷിണ–പശ്ചിമ ഡൽഹിയിലെ പാലം കോളനി രാജ്നഗറിൽ നവംബർ ഒന്നിന് സിഖുകാർക്കെതിരെ  മാരകായുധങ്ങളുമായി നടത്തിയ അക്രമത്തിൽ കേഹാർ സിങ്, ഗുർപ്രീത് സിങ്, രഘുവേന്ദർ സിങ്, നരേന്ദർ പാൽ സിങ്, കുൽദീപ് സിങ് എന്നിവർ കൊല്ലപ്പെട്ട കേസിലാണു സുപ്രധാന വിധി. 

സംഭവം നടക്കുമ്പോൾ ഔട്ടർ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു സജ്ജൻ കുമാർ. ഗൂഢാലോചന, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കൽ, വീടുകൾക്കും ഗുരുദ്വാരകൾക്കും തീയിടൽ തുടങ്ങിയവയാണു കുറ്റങ്ങൾ. 

പഞ്ചാബ്, ഗുജറാത്ത്, കാണ്ഡമാൽ, മുസഫർനഗർ.. ‘വേട്ടക്കാരെ രാഷ്ട്രീയക്കാർ സംരക്ഷിച്ചു’

ന്യൂഡൽഹി ∙ പ്രബലരായ രാഷ്ട്രീയക്കാർ നിയമപാലകരുടെ സംരക്ഷണത്തോടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി എന്നതാണ് ഡൽഹിയിലും പഞ്ചാബിലും മുംൈബയിലും ഗുജറാത്തിലും കാണ്ഡമാലിലും മുസഫർനഗറിലും നടന്ന കൂട്ടക്കുരുതികളുടെ പൊതുസ്വഭാവമെന്ന് ഡൽഹി ഹൈക്കോടതി. സജ്ജൻ കുമാറിനെയും മറ്റും ശിക്ഷിച്ചുള്ള വിധിയിലാണ്, ഇന്ത്യയിൽ സമീപകാലത്തു നടന്ന കൂട്ടക്കുരുതികളുടെ പട്ടികയും കാരണവും കോടതി എടുത്തുപറഞ്ഞത്.

‘വിഭജനകാലത്തെ കൊലപാതകങ്ങൾ പോലെ സിഖ് കൂട്ടക്കൊലയും രാജ്യത്തിന്റെ വേദനാജനകമായ ഓർമയാണ്. ഇതേ രീതിയിലാണ് 1993ൽ മുംബൈയിലും 2002ൽ ഗുജറാത്തിലും 2008ൽ കാണ്ഡമാലിലും (ഒഡീഷ) 2013ൽ മുസഫർനഗറിലും (യുപി) കൂട്ടക്കുരുതി നടന്നത്. ഉത്തരവാദികളായ ക്രിമിനലുകൾക്ക് രാഷ്ട്രീയക്കാരുടെ സംരക്ഷണമുണ്ടായിരുന്നു. പ്രോസിക്യൂട്ട് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ സാധിച്ചു. ഇവരെക്കൊണ്ട് ഉത്തരം പറയിക്കുമ്പോഴേക്കും ദശകങ്ങൾ കടന്നുപോയിരിക്കും.’– ഹൈക്കോടതി വിധിയിൽ പറയുന്നു.