Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജ്ജൻകുമാർ കീഴടങ്ങി; മണ്ഡാവ്‍ലി ജയിലിൽ

PTI4_9_2018_000158A

ന്യൂഡൽഹി ∙ 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ (73) കഡ്കഡൂമ കോടതിയിൽ കീഴടങ്ങി. കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

സജ്ജൻകുമാറിനെ മണ്ഡാവ്‍ലി ജയിലിലടയ്ക്കാൻ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് അദിതി ഗാർഗ് ഉത്തരവിട്ടു. സുരക്ഷാ ഭീഷണി കാരണം കോടതിയിൽ കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു. ഉച്ചയ്ക്കു കീഴടങ്ങിയ സജ്ജൻകുമാറിനെ വൻ സുരക്ഷയോടെ പ്രത്യേക വാഹനത്തിലാണു ജയിലിലേക്കു കൊണ്ടുപോയത്. കോടതിക്കു പുറത്ത് ഒരു സംഘം സിഖുകാർ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. കോടതിക്കുള്ളിൽ കയറാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല.

1984 ഒക്ടോബർ 31നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിനെ തുടർന്നു സൗത്ത് വെസ്റ്റ് ഡൽഹിയിലെ രാജ്നഗറിൽ സിഖുകാർക്കെതിരെ നടന്ന അക്രമത്തിൽ കേഹാർ സിങ്, ഗുർപ്രീത് സിങ്, രഘുവേന്ദർ സിങ്, നരേന്ദർ പാൽ സിങ്, കുൽദീപ് സിങ് എന്നിവർ കൊല്ലപ്പെട്ട കേസിലാണു പ്രതികൾക്കു ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ സജ്ജൻകുമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ശിക്ഷിച്ചതിനു പിന്നാലെ സജ്ജൻകുമാർ കോൺഗ്രസിൽ നിന്നു രാജിവച്ചിരുന്നു. കേസിലെ പ്രതികളും മുൻ എംഎൽഎമാരുമായ മഹേന്ദർ യാദവ്, കിഷൻ ഖോഖർ എന്നിവരും ഇന്നലെ കീഴടങ്ങി. വിചാരണക്കോടതി ഇവർക്കു 3 വർഷം തടവു വിധിച്ചത് ഹൈക്കോടതി 10 വർഷമാക്കി. 

related stories