354 കരിങ്കൽ ക്വാറികൾ ഭൂകമ്പമേഖലയുടെ ഒരുകിലോമീറ്റർ പരിധിയിൽ

കണ്ണൂർ ∙ സംസ്ഥാനത്ത് 5924 കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ 354 എണ്ണം ഭൂകമ്പ മേഖലയുടെ ഒരുകിലോമീറ്റർ പരിധിക്കകത്താണെന്നും കേരള വനഗവേഷണ കേന്ദ്രത്തിന്റെ (െകഎഫ്ആർഐ) പഠന റിപ്പോർട്ട്.

ഇതിൽ എത്രയെണ്ണത്തിന് അനുമതിയുണ്ടെന്നു വ്യക്തമല്ലെന്നും കെഎഫ്ആർഐ ഫോറസ്റ്റ് ഹെൽത്ത് വിഭാഗം തലവൻ ഡോ. ടി.വി. സജീവ്, ഗവേഷകൻ സി.ജെ. അലക്സ് എന്നിവർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ കരിങ്കൽ ക്വാറികളെയും അവയുടെ പരിസ്ഥിതി ആഘാതത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠനമാണിത്.

സംസ്ഥാനത്ത് 7157.6 ഹെക്ടറിൽ കരിങ്കല്ല് ഖനനം ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളടങ്ങിയ മധ്യമേഖലയിലാണ് ഏറ്റവുമധികം ക്വാറികളുള്ളത് – 2438.

ഖനനം 3610.42 ഹെക്ടറിൽ. രണ്ടാം സ്ഥാനത്തു കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളടങ്ങിയ ഉത്തരമേഖലയാണ് – 1969. ഖനനം 1871.97 ഹെക്ടറിൽ. 1517 ക്വാറികളുള്ള ദക്ഷിണമേഖലയിൽ ഖനനം 1675.21 ഹെക്ടറിൽ. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ക്വാറികളുള്ളത് – 867. ഖനനം 1165.93 ഹെക്ടറിൽ. ഖനനവിസ്തൃതിയിൽ മുന്നിൽ എറണാകുളം ജില്ലയാണ് – 774 ക്വാറികളിലായി 1261.13 ഹെക്ടർ.

ആലപ്പുഴ ജില്ലയിൽ കരിങ്കൽ ക്വാറികളില്ല. തൃശൂർ പെരുമ്പിലാവിലാണു സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറിയുള്ളത് – 64.04 ഹെക്ടർ. സംസ്ഥാനത്തെ ക്വാറികളിൽ പകുതിയും 0.02 ഹെക്ടറിനും 0.5 ഹെക്ടറിനും ഇടയിൽ വരുന്നു. പത്തു ഹെക്ടറിൽ കൂടുതലുള്ള 73 എണ്ണവും 20 ഹെക്ടറിൽ കൂടുതലുള്ളവ 19 എണ്ണവും കേരളത്തിലുണ്ട്.

ഭൂകമ്പ പ്രഭവകേന്ദ്രത്തിന്റെ ഒരുകിലോമീറ്ററിനകത്ത് 78 ക്വാറികൾ പ്രവർത്തിക്കുന്നു. സംരക്ഷിതവനത്തിന്റെ 500 മീറ്റർ പരിധിയിൽ 22 ക്വാറികൾ (ആകെ 24.26 ഹെക്ടർ) പ്രവർത്തിക്കുന്നു. മധ്യമേഖലയിലാണ് ഇതിന്റെ 90 ശതമാനവും.

ഒരുകിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്നത് 79 ക്വാറികൾ. (85.83 ഹെക്ടർ). റിസർവ് വനത്തിന്റെ ഒരുകിലോമീറ്റർ പരിധിക്കകത്തു വരുന്നത് 1378 ക്വാറികൾ (3000.05 ഹെക്ടർ).

കഴി‍ഞ്ഞദിവസം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച ഇറുഡൈറ്റ് ലക്ചർ സീരിസിൽ അവതരിപ്പിച്ച പഠനറിപ്പോർട്ട് ഓൺലൈൻ ആയി കെഎഫ്ആർഐ ലഭ്യമാക്കും. വിക്കിപീഡിയ മാതൃകയിൽ, ആർക്കും കൂടുതൽ വിവരങ്ങളും ചിത്രങ്ങളും മറ്റും ഇതിലേക്കു ചേർക്കാൻ കഴിയും.