കോൺഗ്രസിൽ അഴിച്ചുപണി വേണം: മണിശങ്കർ അയ്യർ

ന്യൂഡൽഹി ∙ നേതൃതലത്തിൽ കൃത്യമായ അഴിച്ചുപണി നടത്തിയാൽ മാത്രമേ കോൺഗ്രസിനു തിരിച്ചുവരവ്് സാധ്യമാകൂവെന്നു മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ. ബൂത്ത് തലം മുതൽ ദേശീയാധ്യക്ഷ സ്ഥാനത്തേക്കുവരെ തിരഞ്ഞെടുപ്പു നടത്തണം.

ഇടതുപാർട്ടികളെ കൂടി ഉൾ‌പ്പെടുത്തി വിശാലമായ മഴവിൽസഖ്യം രൂപീകരിച്ചാൽ മാത്രമേ മോദിയുടെ മുന്നേറ്റത്തിനു തടയിടാൻ സാധിക്കൂ. ഓരോ പരാജയത്തിനുശേഷവും അതേക്കുറിച്ചു പഠിക്കാൻ കമ്മിറ്റികൾ നിയോഗിക്കുന്ന പതിവുരീതി ഉപേക്ഷിച്ച് കൃത്യമായ നടപടികൾക്കു നേതൃത്വം തയാറാകണമെന്നു മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു.

നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണം. നെഹ്റു, ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ളവർ കോൺഗ്രസിനെ നേരത്തെയും നയിച്ചിട്ടുണ്ട്.

കേരളത്തിലെ യുഡിഎഫിനു സമാനമായ രീതിയിൽ വിശാലമായ മഴവിൽ സഖ്യമുണ്ടാക്കിയാൽ മാത്രമേ 2019ൽ മോദിയെ ചെറുക്കാൻ കഴിയൂ. ഇടതുപാർട്ടികളെയും സഖ്യത്തിൽ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.