വെള്ളാപ്പള്ളിക്കെതിരായ കുമ്മനത്തിന്റെ വിമർശനം ബിജെപി തള്ളി

പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ ദേശീയ സെക്രട്ടറി എച്ച്.രാജ പ്രസംഗിക്കുന്നു.

പാലക്കാട്∙എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ കാരണമാണു മലപ്പുറത്തു ബിജെപിക്കു വോട്ടു കുറഞ്ഞതെന്ന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വാദം സംസ്ഥാന നിർവാഹക സമിതി യോഗം തള്ളി. കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തെ വിമർശിച്ചവർക്കു മറുപടിയായാണു കുമ്മനം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ചു പറഞ്ഞത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കൊണ്ടു വോട്ടുകൾ കൂടുകയോ കുറയുകയോ ചെയ്യില്ലെന്നു നിർവാഹക സമിതി യോഗത്തിനു ശേഷം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വത്തിനു കൂട്ടുത്തരവാദിത്തമാണ്. പാർട്ടിയിൽ എല്ലാ നേതാക്കളും ഒരു പോലെയാണ്. സംസ്ഥാന പ്രസിഡന്റ് അതിന്റെ ടീം ലീഡറുമാണെന്നു സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പു ഫലത്തെ മോദി വിരോധവുമായി ബന്ധിപ്പിക്കുന്ന വ്യാഖ്യാനങ്ങളും പാർട്ടി തള്ളി. മലപ്പുറത്തു മോദിവിരുദ്ധ തരംഗമുണ്ടായെങ്കിൽ 2014ൽ നേടിയതിനെക്കാൾ വോട്ടു കുറയുമായിരുന്നു. ദേശീയ സെക്രട്ടറി എച്ച്.രാജ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള സഹസെക്രട്ടറി നളിൻ കുമാർ കട്ടീൽ എംപി എന്നിവർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്.

ബിജെപിയുടെ ആത്മവിശ്വാസത്തിനു തിരിച്ചടി കിട്ടുന്ന ഒന്നും മലപ്പുറത്ത് സംഭവിച്ചിട്ടില്ല. സംസ്ഥാനത്തു പാർട്ടിക്ക് ഏറ്റവും കുറവു സ്വാധീനമുള്ള ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു മലപ്പുറം. മറ്റു 19 മണ്ഡലങ്ങളിലെ സ്ഥിതിയല്ല ഇവിടെ. വിദൂരഭാവിയിൽ കേരളത്തിനു ദോഷമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ഫലമെന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് നേടിയ വിജയത്തെ രാഷ്ട്രീയ വിജയമായി കണക്കാക്കാനാവില്ലെന്നു സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയം വിലയിരുത്തി.

കേന്ദ്ര ഭരണത്തെ വിലയിരുത്താനും അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചയാക്കാനും എൻഡിഎ ശ്രമിച്ചുവെങ്കിലും അതിൽ നിന്ന് ഒളിച്ചോടാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. മുസ്‌ലിം ജനവിഭാഗങ്ങളിൽ അനാവശ്യ ഭീതി സൃഷ്ടിച്ച് മോദി വിരോധം മാത്രം ചർച്ചയാക്കാനാണു മുന്നണികൾ ശ്രമിച്ചത്. എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി തുടങ്ങിയവയുടെ വിലപേശലിനു മുന്നിൽ രാഷ്ട്രീയം മറന്ന മുന്നണികൾ വർഗീയ പ്രചാരണത്തിൽ അഭയം കണ്ടെത്തുകയായിരുന്നുവെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി.