ഫൈസൽ വധം: പ്രതി വെട്ടേറ്റു മരിച്ചു

കൊല്ലപ്പെട്ട ബിബിൻ

തിരൂർ ∙ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാംപ്രതി ആലത്തിയൂർ പൊയിലശ്ശേരി കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബി(24)നെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ ബിപി അങ്ങാടി പുളിഞ്ചോട്ടിൽ, തിരൂർ–ചമ്രവട്ടം പാതയോരത്താണ് മൃതദേഹം കണ്ടത്. ബൈക്കിൽ തിരൂരിലേക്ക് പോകുന്നതിനിടെ, മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ മുഖംമൂടി സംഘം ബിബിനെ തടഞ്ഞിട്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഘർഷസാധ്യതയെത്തുടർന്ന് തിരൂർ മേഖലയിൽ പൊലീസ് 15 ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബൈക്കിലെത്തിയ മൂന്നുപേരാണ് കൃത്യം നടത്തിയതെന്നും ആയുധങ്ങളുമായി ചിലർ രക്ഷപ്പെടുന്നതു കണ്ടവരുണ്ടെന്നും പൊലീസ് പറയുന്നു. റോഡരികിൽ ചലനമറ്റുകിടന്ന ബിബിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കഴിഞ്ഞ നവംബർ 19ന് തിരൂരങ്ങാടി കൊടിഞ്ഞി പുല്ലൂണി ഫൈസൽ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ബിബിൻ. മതംമാറി ഫൈസൽ എന്ന പേരു സ്വീകരിച്ചതിന് സംഘംചേർന്നു കൊലപ്പെടുത്തിയെന്നാണ് കേസ്. നവംബർ 20ന് ഗൾഫിൽ പോകാനിരുന്ന ഫൈസൽ, ഭാര്യവീട്ടുകാരെ കൂട്ടിക്കൊണ്ടുവരാൻ പുലർച്ചെ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുംവഴി ഫാറൂഖ് നഗറിൽവച്ച് നാലംഗ സംഘത്തിന്റെ വെട്ടേറ്റ് മരിക്കുകയായിരുന്നു. താൻ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി ബിബിൻ പൊലീസിന് മൊഴിനൽകുകയും ചെയ്തു. ബിബിൻ ഉൾപ്പെടെ കേസിൽ അറസ്‌റ്റിലായ 16 പേരും ജാമ്യത്തിൽ പുറത്തിറങ്ങിയതാണ്.

സംഘർഷമൊഴിവാക്കാൻ തിരൂരിലും പരിസരത്തും വൻതോതിൽ പൊലീസിനെ വിന്യസിച്ചു. തിരൂർ നഗരസഭയിലെ പൊലീസ് ലൈൻ മുതൽ തലക്കാട് വരെയും തൃപ്രങ്ങോട്, തലക്കാട് പഞ്ചായത്തുകളിലുമാണ് നിരോധനാജ്‌ഞ. തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്‌കുമാർ, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ എന്നിവർ സ്ഥലത്തെത്തി. തിരൂർ ഡിവൈഎസ്‌പി എ.ഉല്ലാസിന്റെ നേതൃത്വത്തിലാണ് പൊലീസ് കാവൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം പൂരപ്പുഴയിൽനിന്ന് വിലാപയാത്രയായി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. തിരൂർ മേഖലയിൽ ബിജെപി ഇന്നലെ ഉച്ചയ്ക്കു രണ്ടുമുതൽ വൈകിട്ട് എട്ടുവരെ ഹർത്താൽ നടത്തി. ബിബിന്റെ പിതാവ്: ബാബു, മാതാവ്: നിർമല.