പ്രവാസികളെ സർക്കാർ ഉദ്യോഗസ്ഥർ കഷ്ടപ്പെടുത്തുന്നു: പി.ടി. കുഞ്ഞുമുഹമ്മദ്

എംഇഎസിന്റെ പ്രവാസി സംഗമം പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. വി.പി.അബ്ദുറഹ്മാൻ , എൻ.പി.സി.അബ്ദുറഹ്മാൻ , ടി.സി.അഹമ്മദ് , സി.ടി.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ലത്തീഫ് , പി.എച്ച്.മുഹമ്മദ് , കെ.വി.സീനത്ത് എന്നിവർ സമീപം.

കോഴിക്കോട്∙ കേരളത്തിന്റെ വികസനത്തിനു വലിയ പങ്കുവഹിച്ച പ്രവാസികളുടെ പല കാര്യങ്ങൾക്കും നാട്ടിൽ വിലങ്ങുതടിയായി നിൽക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പ്രവാസി ക്ഷേമനിധി ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്.

എംഇഎസ് ‘പ്രവാസമുഖം’ എന്ന പേരിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഭൂരിഭാഗവും മണലാരണ്യത്തിൽ കഴിഞ്ഞ് നാട്ടിൽ എത്തുന്നവർ വല്ല കച്ചവടമോ മറ്റു പരിപാടികൾക്കോ ഒരു വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചാൽ അവർക്ക് നൽകാൻ രേഖകളുണ്ടാകില്ല. അതിന് പിന്നീട് സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥരുടെ കാലു പിടിക്കണം.

എന്തെങ്കിലും കാരണം പറഞ്ഞു തടസ്സപ്പെടുത്താനാവും ഉദ്യോഗസ്ഥരുടെ ശ്രമം. പ്രവാസികളുടെ ദുരിതങ്ങൾക്ക് കാരണം മാറിമാറി വരുന്ന സർക്കാരുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തതു കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസികളുടെ പെൻഷൻ കാര്യത്തിൽ തീരുമാനം ഉടൻ

പെൻഷൻ പദ്ധതിയിൽ 60 വയസ്സുകഴിഞ്ഞ ആളുകളെയും ഉൾപ്പെടുത്തും. എംഇഎസ് ജില്ലാ പ്രസിഡന്റ് സി.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൽ ലത്തീഫ്, ടി.സി. അഹമ്മദ്, കെ.വി. സീനത്ത്, എൻ.പി.സി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.