കണ്ണന്താനത്തിന്റെ ‘ബീഫ് പരാമർശം’ വിവാദമായി

ന്യൂഡൽഹി ∙ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ‘ബീഫ് പരാമർശം’ വിവാദമായി. വിദേശ ടൂറിസ്റ്റുകൾ ഇന്ത്യയിലേക്കു വരുംമുൻപു സ്വന്തം രാജ്യത്തു ബീഫ് കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഭുവനേശ്വറിൽ ടൂർ ഓപ്പറേറ്റേർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കണ്ണന്താനം മാധ്യമ പ്രവർത്തകരോടു പറഞ്ഞത്.

ചില സംസ്ഥാനങ്ങളിലെ ബീഫ് നിരോധനം വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലും ഗോവയിലും ബീഫ് കഴിക്കുന്നതു തുടരുമെന്നും ജനങ്ങളുടെ ഭക്ഷണശീലത്തിൽ ഇടപെടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കണ്ണന്താനം പറഞ്ഞത്.