കർണാടക അപകടം: വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ചിക്കമഗളൂരുവിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ മെറിൻ സെബാസ്റ്റ്യനും ഐറിൻ മരിയ ജോർജും.

കാഞ്ഞിരപ്പള്ളി ∙ കർണാടകയിലെ മാഗഡി അണക്കെട്ടിനു സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് എസ്ഐ: ബത്തേരി തൊടുവട്ടി പാലിയത്ത് മോളയിൽ പി.പി. ജോർജിന്റെ മകൾ ഐറിന്റെ (20) സംസ്കാരം ഇന്നു 11.30ന് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പീരുമേട് എഎസ്ഐ: മുണ്ടക്കയം വളയത്തിൽ ദേവസ്യ കുരുവിളയുടെ മകൾ മെറിൻ സെബാസ്റ്റ്യന്റെ സംസ്കാരം ചൊവ്വാഴ്ച 10ന് മുണ്ടക്കയം 34–ാം മൈൽ വ്യാകുലമാതാ പള്ളിയിൽ നടത്തും. മെറിന്റെ മൃതദേഹം ഇന്ന് 26–ാം മൈൽ മേരി ക്വീൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ മൂന്നിന് അമൽ ജ്യോതി കോളജിൽ പൊതുദർശനം. തുടർന്നു വൈകിട്ട് മുണ്ടക്കയം വരിക്കാനിയിലെ വസതിയിലേക്കു കൊണ്ടുപോകും.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ മൂന്നാംവർഷ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ രണ്ടു ബാച്ചുകളിലെ 72 വിദ്യാർഥികളും രണ്ട് അധ്യാപകരും ഒരു രക്ഷാകർതൃ പ്രതിനിധിയും ഉൾപ്പെടെയുള്ള സംഘം രണ്ടു ബസുകളിലായാണ് അഞ്ചിനു വൈകിട്ട് കോളജിൽ നിന്നു യാത്ര പുറപ്പെട്ടത്. ബെംഗളുരു, മൈസൂർ, ഊട്ടി, കൂർഗ് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബി ബാച്ച് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടമുണ്ടായത്. മെറിൻ സെബാസ്റ്റ്യൻ സംഭവ സ്ഥലത്തും, ഐറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.

അപകടത്തിൽ കാലൊടിഞ്ഞ കത്തിലാങ്കൽപടി തൊമ്മിത്താഴെ തുഷാദ് മംഗലാപുരം ഫാ. മുള്ളൂർ മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലാണ്. രക്ഷാകർതൃ പ്രതിനിധിയും ഇടക്കുന്നം മഠത്തിൽ നസറുദീന്റെ ഭാര്യയുമായ  ഷാഹിന, മകൾ ഷബാനാ, ഡയാന ജോസഫ്, നിധിൻ ജോർജ്, സാന്ദ്ര അന്നാ ജോൺ, ജോഷ്വാ ജേക്കബ്, ഐശ്വര്യ, മേഘ എന്നിവരെ ഇന്നലെ വൈകിട്ട് ആശുപത്രിയിൽനിന്നു വിട്ടയച്ചു.

ബസിലുണ്ടായിരുന്ന ദിവ്യ അച്ചു പ്രദീപ്, ഗീതി മേരി സാം, ഗോപിക സന്തോഷ്, ജെനി ജേക്കബ്, ലിയ ജോർജ്, മരീസാ റോയി, മീരാ ജിജി, മേഘ അജിത്ത്, മെറിൻ ജോസ്, നവീന ജോസഫ്, പാർവതി ജഗദീഷ്, പേർളി തോമസ്, പി.രേണുക, ഡി.എം.റോഷൻ, ഷാൻസി എലിസബത്ത്, ഷെറിൻ ആനി വർഗീസ്, കെ.എസ്.ശിൽപ, സുബി വർഗീസ്, ടെൻസി സാറാ, ടിൻസൺ സജി, ഡോൺ എബ്രഹാം, എച്ച്.വന്ദന എന്നിവർക്ക് നിസ്സാര പരുക്കുകളാണുള്ളത്. ഇവരെ ചിക്കമഗളൂരുവിലെ ആശുപത്രിയിൽ ചികിൽസ നൽകിയശേഷം വിട്ടയച്ചു. പരുക്കേറ്റ വിദ്യാർഥികളെല്ലാവരും ഇന്നും നാളെയുമായി നാട്ടിലെത്തുമെന്ന് കോളജ് അധികൃതർ അറിയിച്ചു. പരുക്കേൽക്കാത്തവരെ വിനോദയാത്രാ സംഘത്തിന്റെ മറ്റു രണ്ടു ബസുകളിലാണു നാട്ടിലെത്തിക്കുന്നത്. മെറിന്റെ മാതാവ് റീനാമ്മ പെരുവന്താനം സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയും സഹോദരി ഷെറിൻ ഏന്തയാർ മർഫി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുമാണ്. എലിസബത്താണ് മരിയയുടെ മാതാവ്. സഹോദരി: റീത്ത സാറ ജോർജ്.

കണ്ണീർക്കയത്തിൽ അമൽജ്യോതി

കാഞ്ഞിരപ്പള്ളി ∙ ദുഃഖം താങ്ങാനാവാതെ വിതുമ്പുകയാണ് അമൽജ്യോതി കോളജ്. സന്തോഷത്തോടെ യാത്രപോയ സഹപാഠികളിൽ രണ്ടുപേരുടെ മരണവാർത്ത വിദ്യാർഥികളെ സങ്കടക്കടലിലാഴ്ത്തി. വിവരം അറിഞ്ഞതുമുതൽ കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും കണ്ണീർ തോർന്നിട്ടില്ല. വെള്ളിയാഴ്ച രാത്രി രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലായിരുന്നു. എല്ലാവരുടെയും മനസ്സിൽ പ്രാർഥന മാത്രമായി.

വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടെന്ന് അറിഞ്ഞയുടൻ കോളജിൽനിന്നു മാനേജ്മെന്റിന്റെ നിർദേശപ്രകാരം ഇലക്ട്രോണിക്സ് വിഭാഗം എച്ച്ഒഡി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗസംഘം രണ്ടു വാഹനങ്ങളിലായി സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഏതാനും രക്ഷിതാക്കളെയും കൂട്ടിയാണു പോയത്. ഇതിനിടെ കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളുടെ യാത്രാസംഘം 60 കിലോമീറ്റർ അകലത്തിൽ ഉണ്ടായിരുന്നു. അവരും ആശുപത്രികളിലേക്ക് ഓടിയെത്തിയത് ഏറെ സഹായവും ആശ്വാസവുമായി.

ഇതു കൂടാതെ കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നു കർണാടകയിലെ സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തി. ഇന്നലെ പുലർച്ചെ അവിടെയെത്തിയ സംഘം ഡോക്ടർമാരും മറ്റുമായി സംസാരിച്ചു സ്ഥിതിഗതികൾ മനസ്സിലാക്കി. വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റുവാങ്ങി ഒരു സംഘം നാട്ടിലേക്കു തിരിച്ചു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥികളെ ഇന്നലെ വൈകിട്ടു ഡിസ്ചാർജ് ചെയ്തതോടെ ഇവരുമായി കോളജ് ബസിലും ആംബുലൻസിലുമായി നാട്ടിലേക്കു തിരിച്ചു.