Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടിയുടെ ഇറക്കുമതി തീരുവ പിൻവലിക്കും; പ്രഖ്യാപനം അടുത്ത ബജറ്റിൽ

cashew

ന്യൂഡൽഹി∙ കശുവണ്ടിയുടെ അഞ്ചു ശതമാനം ഇറക്കുമതി തീരുവ പിൻവലിക്കാൻ കേന്ദ്രവാണിജ്യ മന്ത്രാലയം തീരുമാനിച്ചു. കേന്ദ്രവാണിജ്യ മന്ത്രി സുരേഷ് പ്രഭുവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ചർച്ചയിലാണു തീരുമാനം. കശുവണ്ടിയുടെ ഇറക്കുമതി തീരുവ പിൻവലിക്കാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്രധനമന്ത്രാലയത്തിന് കൈമാറിയതായി സുരേഷ് പ്രഭു അറിയിച്ചു.

ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അടുത്ത ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ധന സഹമന്ത്രി എസ്.പി ശുക്ല കുമ്മനത്തിന് ഉറപ്പു നൽകി. കശുവണ്ടി വ്യവസായത്തിന്റെ രക്ഷയ്ക്കായി സമഗ്ര കർമ പദ്ധതി തയാറാക്കുന്നതിന് രണ്ടാഴ്ചയ്ക്കകം ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നും വാണിജ്യ മന്ത്രി അറിയിച്ചു.

കശുവണ്ടി മേഖലയിൽ 600 ഫാക്ടറികളാണ് പൂട്ടിക്കിടക്കുന്നതെന്നും മൂന്നുലക്ഷത്തോളം തൊഴിലാളികൾ പട്ടിണിയിലാണെന്നും കുമ്മനം രാജശേഖരൻ മന്ത്രിയെ അറിയിച്ചു. വേഗം ക്രിയാത്മക നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

കശുവണ്ടി മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികളായ ആർ.എസ് നായർ, നിധീഷ്, വിജയൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.