എൻഡോസൾഫാൻ നഷ്‌ടപരിഹാരം: കേരള ചീഫ് സെക്രട്ടറിക്ക് നോട്ടിസ്

ന്യൂഡൽഹി ∙ എൻഡോസൾഫാൻ ദുരിതബാധിതർക്കു നഷ്‌ടപരിഹാരം നൽകണമെന്ന വിധി പൂർണമായി നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ കേരള ചീഫ് സെക്രട്ടറിക്കു സുപ്രീം കോടതി നോട്ടിസ് അയച്ചു. ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കിയ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, നഷ്‌ടപരിഹാര വിതരണത്തിന്റെ വിശദാംശങ്ങൾ സത്യവാങ്‌മൂലമായി നൽകാൻ സർക്കാരിനോടു നിർദേശിച്ചു.

ഇരകളായ നാലു കുട്ടികളുടെ അമ്മമാരാണു ഹർജിക്കാർ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചപ്രകാരം നഷ്‌ടപരിഹാരം നൽകാൻ കഴിഞ്ഞ ജനുവരിയിൽ കോടതി ആവശ്യപ്പെട്ടിരുന്നു. നഷ്‌ടപരിഹാരത്തിന് അർഹരായ 5209 പേരിൽ 1350 പേർക്കു മാത്രമേ പണം ലഭിച്ചിട്ടുള്ളൂവെന്നു ഹർജിക്കാർക്കുവേണ്ടി കാളീശ്വരം രാജ് വാദിച്ചു. നഷ്‌ടപരിഹാര വിതരണം പുരോഗമിക്കുകയാണെന്നും ഉടനെ പൂർത്തിയാകുമെന്നും സർക്കാരിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് പറഞ്ഞു.

സംസ്‌ഥാന സർക്കാർ ഇതിനകം 350 കോടി രൂപ വിതരണം ചെയ്‌തെന്നും ധനസഹായം ലഭ്യമാക്കുന്നതിനെന്നോണം കേന്ദ്ര സർക്കാരിനെയും കക്ഷിയാക്കണമെന്നും കേസിലെ മുൻ ഹർജിക്കാരായ ഡിവൈഎഫ്‌ഐക്കുവേണ്ടി ദീപക് പ്രകാശ് വാദിച്ചു. എന്നാൽ, ആദ്യം സംസ്‌ഥാന സർക്കാരിന്റെ മറുപടി ലഭിക്കട്ടെയെന്നു കോടതി പറഞ്ഞു.