റോഡ് റോളർ കുളത്തിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

ഷാജി.

ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ചുണ്ടക്കുന്ന് ഏരുവേശി പൂപ്പറമ്പ് റോഡ് പണിക്കിടെ റോഡ് റോളർ കുളത്തിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. കുടിയാൻമല സ്വദേശി വെട്ടിക്കൽ ഷാജി (45) ആണു മരിച്ചത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ഏരുവേശി കുണ്ടുകണ്ടത്തിനടുത്തായിരുന്നു അപകടം. റോഡരികിൽ പുതുതായി നിർമിച്ച കെട്ടിടിഞ്ഞ് റോളർ സമീപത്തെ കുളത്തിലേക്കു വീഴുകയായിരുന്നു.

ചുണ്ടപ്പറമ്പിൽ നിന്ന് മുയിപ്രയിലേക്കുള്ള ഇറക്കത്തിലാണ് കുണ്ടുകണ്ടം. ഇവിടെ നേരത്തെ ഉണ്ടായിരുന്ന കലുങ്ക് ഉയർത്തിക്കെട്ടിയിരുന്നു. അനുബന്ധ റോഡും ഇതോടൊപ്പം ഉയർന്നിരുന്നു. കരിങ്കല്ലുകൾ കൊണ്ട് കയ്യാല പോലെയായിരുന്നു കെട്ട്. ഏഴ് മീറ്ററോളം ഉയരമുള്ള കെട്ട് അശാസ്ത്രീയമായിട്ടാണ് നിർമിക്കുന്നതെന്ന പരാതി ഉണ്ടായിരുന്നു. ഇവിടെയാണ് അപകടവും ഉണ്ടായത്.

വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുടിയാൻമല വെട്ടിക്കൽ ദേവസ്യ, മേരി ദമ്പതികളുടെ മകനാണ് ഷാജി. സംസ്കാരം ഇന്നു രാവിലെ 9.30ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: ആഗ്നസ്. മക്കൾ: ഷാലു, മരിയ, ഷിനു, ക്ലാര.