ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

സെറിൻ സണ്ണി, പ്രശാന്ത്

ചിങ്ങവനം ∙ എംസി റോഡിൽ മന്ദിരം കവലയ്ക്കു സമീപം ഒരേദിശയിൽ പോകുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചു കാറിൽ തട്ടി തെറിച്ചുവീണ് രണ്ടു യുവാക്കൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്. വെരൂർ വടക്കേക്കര കറുകപ്പള്ളി സെറിൻ സണ്ണി (28), കുറിച്ചി തെക്കേക്കുന്നേൽ പ്രശാന്ത് (28) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ചങ്ങനാശേരി പാറപ്പറമ്പിൽ രാജീവ് (34), ചങ്ങനാശേരി ഓടത്തുങ്കൽ ജോബിൻ (25) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. മുൻപിൽ പോകുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയും കാറിന്റെ പിന്നിലിടിക്കുകയുമായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി ചിങ്ങവനം എസ്ഐ അനൂപ് സി.നായർ പറഞ്ഞു.

കാറിൽ തട്ടിയ ബൈക്ക് യാത്രികർ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരെ കാറിലും പൊലീസ് വാഹനത്തിലുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രാജീവ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലാണ് പ്രശാന്ത് യാത്ര ചെയ്തിരുന്നത്. സെറിൻ സണ്ണി, പ്രശാന്ത് എന്നിവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിദേശത്തുനിന്നു മടങ്ങിയെത്തിയ സെറിൻ വെൽഡിങ് വർക്സ് നടത്തുകയായിരുന്നു. പ്രശാന്ത് ഓട്ടോ ഡ്രൈവറായിരുന്നു. ഇരുവരും അവിവാഹിതരാണ്.