ഈ മക്കളെയും കൊണ്ട് ഞാനെങ്ങോട്ടു പോകും? നിസ്സഹായതയോടെ അബൂബക്കർ

മുളിയാർ ചാപ്പാടിയിലെ എൻഡോസൾഫാൻ ദുരിതബാധിത സഹോദരങ്ങളായ അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, അഹമ്മദ് കബീർ എന്നിവർ ഉപ്പ എൻ.എ.അബൂബക്കറിനൊപ്പം ജപ്തിഭീഷണി നേരിടുന്ന വീടിനു മുൻപിൽ.

ബോവിക്കാനം (കാസർകോട്)∙ എഴുപത്തെട്ടാമത്തെ വയസ്സിലും അബൂബക്കർ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു, അധികൃതർ വച്ചുനീട്ടുന്ന ഔദാര്യത്തിനു വേണ്ടിയല്ല, എൻഡോസൾഫാൻ ദുരിതബാധിതരായ നാലുമക്കളുമായി പെരുവഴിയിലിറങ്ങാൻ കഴിയാത്തതുകൊണ്ടു മാത്രം. 

മക്കളുടെ ചികിത്സയ്ക്കായുള്ള നെട്ടോട്ടത്തിനിടയിലും ചെങ്കൽക്വാറിയിൽ ഡ്രൈവറായി ജോലിചെയ്തു കിട്ടിയ പണം സ്വരുക്കൂട്ടിയും വായ്പയെടുത്തുമാണ് മുളിയാർ ചാപ്പാടിയിലെ അബൂബക്കർ വീടു നിർമിച്ചത്. പക്ഷേ, അതേ വീട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഇറക്കിവിട്ടേക്കാം. 2008ൽ സംസ്ഥാന ഭവനനിർമാണ ബോർഡിൽ നിന്നെടുത്ത വായ്പയാണ് ഇവരെ ജപ്തിയുടെ വക്കിലെത്തിച്ചിരിക്കുന്നത്. 

അബൂബക്കറിന്റെ ഭാര്യ നബീസയുടെ പേരിൽ ആകെയുള്ള 20സെന്റ് സ്ഥലം ഈടുവച്ചു വായ്പയെടുത്തത് 1,80,000രൂപ. മക്കളുടെ ചികിത്സയ്ക്കിടയിൽ പണം കൃത്യമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. പലിശയടക്കം പത്തുലക്ഷത്തിലേറെ രൂപയായി. 2011ൽ ജപ്തി നോട്ടിസ് ലഭിച്ചപ്പോൾ മനോരമ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ അന്നത്തെ മന്ത്രി ബിനോയ് ബിശ്വം ഇടപെട്ടു ജപ്തി നിർത്തിവച്ചു. താൽക്കാലിക ആശ്വാസമായെങ്കിലും പലിശ വളർന്നു. 

ഇവരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യവുമായി കെ.കുഞ്ഞിരാമൻ എംഎൽഎ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭവനവായ്പ ആയതിനാൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന സർക്കാർ തീരുമാനത്തിന്റെ ആനുകൂല്യവും ഇവർക്കു ലഭിക്കില്ല. 

മക്കളായ അബ്ദുൽ ഹമീദ് (41), അബ്ദുൽറഹ്മാൻ (34), അഹമ്മദ് കബീർ (31), അബ്ദുൽഖാദർ (27) എന്നിവർ എൻഡോസൾഫാൻ ദുരിതബാധിതരായി മാനസിക- ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. പ്രായത്തിന്റെ അവശതകൾ കാരണം പലപ്പോഴും ജോലിക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് അബൂബക്കർ. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നതിനിടയിൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന നിസ്സഹായത വേറെയും.