ആംബുലൻസിലെ മരണം: അടിയന്തര ചികിത്സ ലഭിച്ചില്ലെന്നു ഡോക്ടറുടെ മൊഴി

തൃശൂർ∙ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് മരണത്തിനു കീഴടങ്ങിയ രോഗിക്ക് അതിനു മുൻപ് ജനറൽ ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ചില്ലെന്നു പോസ്റ്റുമോർട്ടം നയിച്ച അസോഷ്യേറ്റ് പ്രഫസർ ഡോ.ഹിതേഷ് ശങ്കർ പൊലീസിനു മൊഴി നൽകി. ഓക്സിജൻ തീർന്നുവെന്ന വീഴ്ച വിവാദമായിരിക്കെയാണു ഹിതേഷിന്റെ മൊഴി. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹിതേഷ് ശങ്കർ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓക്്സിജൻ തീർന്നിട്ടില്ലെന്നും വീഴ്ചയില്ലെന്നുമാണ് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. 

ജനറൽ ആശുപത്രിയിൽനിന്ന് അമല മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുമ്പോഴാണ് ചൊവ്വാഴ്ച കരേരക്കാട്ടിൽ സെബാസ്റ്റ്യൻ മരിച്ചത്. ഓക്സിജൻ കിട്ടാത്തതാണ് മരണകാരണമായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. കടുത്ത ശ്വാസം മുട്ടലും ശ്വാസകോശത്തിനകത്തെ വായു അറ പൊട്ടിയതു മൂലവുമാണ് മരണം സംഭവിച്ചതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിലേക്കു നയിച്ച കാരണങ്ങളിൽ ഒന്ന് ഓക്സിജന്റെ ലഭ്യതക്കുറവാണെന്നു വിശദറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹിതേഷ് ശങ്കറും ഡോ. മനു ജോസുമാണു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒപ്പുവച്ചിട്ടുള്ളത്. 

ഇതിനു ശേഷമാണ് ഈസ്റ്റ് പൊലീസിനു ഹിതേഷ് ശങ്കർ മൊഴി നൽകിയത്. ശ്വാസകോശത്തിലെ അറ പൊട്ടി വായു തള്ളിക്കയറി ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രി മാറ്റിയതുതന്നെ ശരിയായ തീരുമാനമല്ലെന്നുമാണ് മൊഴി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത്തരം വിവരങ്ങൾ കാണിക്കേണ്ട ആവശ്യമില്ല. ശ്വാസകോശത്തിലേക്കു തള്ളിക്കയറിയ വായു, കുഴൽ ഉപയോഗിച്ചു നീക്കം ചെയ്യുകയാണ് അടിയന്തര ചികിത്സ. ഇതു ചെയ്ത ശേഷമായിരുന്നു രോഗിയെ മെച്ചപ്പെട്ട സൗകര്യത്തിലേക്കു മാറ്റേണ്ടിയിരുന്നത്. എന്നാൽ ഇതു ചെയ്യാതെ രോഗിയെ ഓക്സിജൻ മാത്രം നൽകി മാറ്റുകയാണു ചെയ്തത്. 

തള്ളിക്കയറിയ വായുവിൽ നൈട്രജന്റെ അളവു വളരെ കൂടുതലായിരിക്കും. ഇതു രോഗിയുടെ നില മോശമാക്കുമെന്നു ഹിതേഷ് ചൂണ്ടിക്കാട്ടി. 

നൈട്രജന്റെ അളവു ശ്വാസകോശത്തിനകത്തു കൂടുതലാകുമ്പോൾ ഓക്സിജൻ നൽകുന്നത് പൂർ‌ണമായും പ്രയോജനപ്പെടുകയില്ല. രോഗി ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോൾ ചെയ്യേണ്ടിയിരുന്ന പരിശോധനകളും നടത്തിയിട്ടില്ലെന്നു ഹിതേഷ് വ്യക്തമാക്കുന്നു. മരണം അനാസ്ഥ മൂലമാണെന്നു സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് പൊലീസാണു കേസന്വേഷിക്കുന്നത്. 

ഓക്സിജൻ തീർന്നു പോകുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു ഭരണപരമായ വീഴ്ചയായി കണക്കാക്കണമെന്നാണു പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മരണത്തിലേക്കു നയിച്ചതു രോഗിയുടെ കാര്യത്തിലുണ്ടായ തുടർച്ചയായ വീഴ്ചകളാണെന്ന മൊഴി വന്നതോടെ ബന്ധുക്കളുടെ ആരോപണത്തിനു ശക്തി കൂടി.