Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാക്കിൽ മരം വീണതറിയാതെ ട്രെയിൻ എത്തി; വൻദുരന്തം ഒഴിവായി

train കൊല്ലം– ചെങ്കോട്ട പാതയിൽ കുരി– ആവണീശ്വരം സ്റ്റേഷനുകൾക്കിടയിൽ റെയിൽ പാളത്തിൽ വീണ മരം മുറിച്ചുമാറ്റുന്നു. അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഗുരുവായൂർ– എടമൺ പാസഞ്ചർ ട്രെയിൻ സമീപം.. ട്രാക്കിൽ മരം വീണതറിയാതെയെത്തിയ ട്രെയിൻ സഡൻ ബ്രേക്കിട്ടു നിർത്തിയതിനാലാണ് അപകടമൊഴിവായത്. ട്രെയിനിൽ അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു.

പത്തനാപുരം ∙ ട്രാക്കിൽ മരം വീണതറിയാതെയെത്തിയ ഗുരുവായൂർ – എടമൺ പാസഞ്ചർ ട്രെയിൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കൊല്ലം – ചെങ്കോട്ട പാതയിൽ കുരി – ആവണീശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തലവൂർ ദേവീക്ഷേത്രത്തിനു സമീപം വൈകിട്ടു 4.10നായിരുന്നു സംഭവം. കുരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയശേഷം ആവണീശ്വരം സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ. ഈ ഭാഗത്ത് പാതയിൽ വളവായതിനാൽ അടുത്തെത്തിയ ശേഷമാണു ട്രാക്കിൽ മരം കണ്ടതെന്നു ലോക്കോ പൈലറ്റ് സന്തോഷ് ശർമ പറഞ്ഞു.

400 മീറ്റർ അകലത്തിൽ വൻദുരന്തം മുന്നിൽ കണ്ടിട്ടും മനസ്സാന്നിധ്യം കൈവിടാതെ അസി.ലോക്കോ പൈലറ്റ് അഭിലാഷിന്റെ സഹായത്തോടെ സന്തോഷ് സഡൻ ബ്രേക്കിടുകയായിരുന്നു. ട്രെയിനിന്റെ എൻജിൻ മരങ്ങൾക്കിടയിൽ കുരുങ്ങിയാണു നിന്നത്. കുരിക്കും ആവണീശ്വരത്തിനും ഇടയിൽ ഏഴു മിനിറ്റ് മാത്രമാണു യാത്രാസമയം. ട്രെയിൻ പൂർണവേഗത്തിൽ എത്തുന്നതിനു മുൻപായതിനാലാവാം സഡൻബ്രേക്കിട്ടപ്പോൾ അപകടമുണ്ടാകാതിരുന്നതെന്നാണു നിഗമനം.

ട്രെയിനിൽ അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. അഗ്നിശമന സേനയും റെയിൽവേ പൊലീസും നാട്ടുകാരും ചേർന്നു മരങ്ങൾ മുറിച്ചു നീക്കി ഒരു മണിക്കൂറിനു ശേഷമാണു പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.