സ്വരരാഗ റെക്കോർഡ് പ്രവാഹം

ചെന്നൈയിൽ ഇന്ത്യൻ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷന്റെ റോയൽറ്റി വിതരണച്ചടങ്ങിൽ, കെ.ജെ.യേശുദാസിന് എസ്.പി. ബാലസുബ്രഹ്മണ്യം മധുരം നൽകുന്നു. കെ.എസ്.ചിത്ര, പി.സുശീല, വാണി ജയറാം എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ എഴുപത്തെട്ടാം വയസ്സിൽ രാജ്യത്തെ മികച്ച സിനിമാ പിന്നണിഗായകനുള്ള പുരസ്കാരം; കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം. അദ്ഭുത സ്വരമാധുരിക്കുമുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നു വീണ്ടും തെളിയിച്ചു മലയാളത്തിന്റെ ഗാനഗന്ധർവൻ. ‘അപ്രതീക്ഷിതമായി പുരസ്കാരങ്ങൾ തേടിയെത്തുമ്പോൾ അത് ഏറെ സന്തോഷകരം. പുരസ്കാരം നേടിത്തന്ന പാട്ടൊരുക്കിത്തന്നവരെയും നന്ദിപൂർവം സ്മരിക്കുന്നു. രമേഷ് നാരായണൻ മനോഹരമായ ഈണമാണു നൽകിയത്. ഇത്തരത്തിൽ നല്ല പാട്ടുകൾ ലഭിക്കുമ്പോഴാണു പാട്ടുകാർക്കു തിളങ്ങാനാവുക’ - യേശുദാസ് പറഞ്ഞു.

ഈ പുരസ്കാരത്തോടെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയെന്ന സ്വന്തം റെക്കോർഡ് ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുന്നു യേശുദാസ്‌. ആറുതവണ പുരസ്കാരം നേടിയ എസ്.പി.ബാലസുബ്രഹ്മണ്യമാണു തൊട്ടുപിന്നിൽ. മൂന്നു ഭാഷകളിലായാണു യേശുദാസിന്റെ എട്ടു പുരസ്കാരനേട്ടങ്ങൾ. ആറു മലയാളം, ഓരോവട്ടം ഹിന്ദിയും തെലുങ്കും. ഇത്തവണ അംഗീകാരം തേടിയെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡും യേശുദാസ് ഒന്നുകൂടി തിരുത്തിക്കുറിക്കുന്നു.

57 വർഷമായി പിന്നണിഗാനരംഗത്തുള്ള യേശുദാസ് സംസ്ഥാന പുരസ്കാരങ്ങളിലും ചരിത്രനേട്ടത്തിനുടമയാണ്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളുടേതടക്കം 43 തവണയാണു സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തേടിയെത്തിയത്. ഇതിൽ 25 എണ്ണവും കേരളത്തിന്റേതാണ്. സംസ്ഥാന പുരസ്കാരങ്ങൾ പതിവായപ്പോൾ പുതിയ ഗായകർക്ക് അവസരം ലഭിക്കാൻ സ്വയം ഒഴിഞ്ഞുനിൽക്കുകയും ചെയ്തു യേശുദാസ്.

ആദ്യ അംഗീകാരം ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’

1972ൽ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം നേടിയത്. ഗായത്രിയിലെ ‘പത്മതീർഥമേ ഉണരൂ’...(1973), ഹിന്ദി ചിത്രമായ ചിറ്റ് ചോറിലെ ഗോരി തേരാ ഗാവ് ബഡാ പ്യാരാ...(1976), തെലുങ്കു ചിത്രമായ മേഘസന്ദേശത്തിലെ ആകാശ ദേശാന...(1982), ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം (1987), ‘ഭരത’ത്തിലെ രാമകഥാ...ഗാനലയം...(1991), ‘സോപാന’ത്തിലെ വിവിധ ഗാനങ്ങൾ (1993) എന്നിവയാണു പുരസ്കാരം നേടിക്കൊടുത്ത മറ്റു ഗാനങ്ങൾ.