Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക കടത്തിന് ആശ്വാസമില്ല; തീർപ്പാകാതെ 34,397 അപേക്ഷകൾ

farmer

മലപ്പുറം∙ സംസ്‌ഥാന കാർഷിക കടാശ്വാസ കമ്മിഷന്റെ കാലാവധി അടുത്തമാസം 20ന് അവസാനിക്കാനിരിക്കെ തീർപ്പു കൽപിക്കാൻ അപേക്ഷകൾ ഇനിയും ബാക്കി. കാലാവധി തീരും മുൻപ് അപേക്ഷകൾ മുഴുവൻ തീർപ്പാക്കാൻ കഴിയില്ലെന്നു കമ്മിഷൻ വ്യക്‌തമാക്കി.

മൂന്നു വർഷം കൊണ്ടു തീർപ്പു കൽപിക്കാൻ രൂപീകൃതമായ കമ്മിഷന്റെ കാലാവധി മൂന്നു തവണയായി എട്ടു കൊല്ലത്തേക്കുകൂടി നീട്ടിയിട്ടും 34,397 അപേക്ഷകളാണു തീർപ്പാകാതെ കിടക്കുന്നത്. 2007 ജനുവരി 18ന് ആണ് കമ്മിഷൻ രൂപീകൃതമായത്. 4,77,198 അപേക്ഷകൾ കമ്മിഷനു കിട്ടി. 4,42,801 അപേക്ഷകളിൽ നടപടി സ്വീകരിച്ചു.

വയനാട് ജില്ലയിൽ 2011 ഒക്‌ടോബർ 31 വരെയുള്ള കാർഷിക വായ്‌പകളും മറ്റുജില്ലകളിൽ 2007 ജനുവരി 18 വരെ എടുത്ത കാർഷിക വായ്‌പകളുമാണു കമ്മിഷൻ പരിഗണിക്കുന്നത്. സഹകരണ ബാങ്കുകളിൽനിന്ന് എടുത്ത വായ്‌പകളിലാണു കമ്മിഷൻ കടാശ്വാസ ശുപാർശ നൽകുന്നത്. സഹകരണ സംഘം റജിസ്‌ട്രാർകൂടി പരിശോധന നടത്തിയാണു സഹകരണ ബാങ്കുകൾ കടാശ്വാസം അനുവദിക്കുന്നത്.

കടാശ്വാസം ലഭിക്കാൻ കമ്മിഷന് അപേക്ഷ നൽകേണ്ട സമയം 2015 ഒക്‌ടോബർ 31 ആയിരുന്നു. കടാശ്വാസത്തിന് 201 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. കടാശ്വാസം നൽകുന്നതിനായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 20 കോടി രൂപകൂടി സർക്കാർ അനുവദിച്ചിട്ടുള്ളതിനാൽ കമ്മിഷന്റെ കാലാവധി ഒരിക്കൽകൂടി നീട്ടിയേക്കുമെന്നാണു സൂചന. വിഷയം സർക്കാരിന്റെ പരിഗണനയിലാണ്.

ഏറ്റവുമൊടുവിൽ 2015 ഏപ്രിൽ 25ന് ആണ് മൂന്നു വർഷത്തേക്ക് കമ്മിഷന്റെ കാലാവധി നീട്ടിയത്. കടാശ്വാസ പ്രവർത്തനങ്ങൾക്കായി 12.78 കോടി രൂപയാണു കമ്മിഷൻ ഇതുവരെ ചെലവാക്കിയത്. വിവിധ വകുപ്പുകളിൽനിന്നു ഡപ്യൂട്ടേഷനിൽ വന്ന എട്ട് ഉദ്യോഗസ്‌ഥരും 20 താൽക്കാലിക ജീവനക്കാരുമാണ് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്‌ഥാനത്തു പ്രവർത്തിക്കുന്നത്.