Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ് ഗ്രൂപ്പു കൊണ്ട് ആപ്പിലായി; അഡ്മിൻമാർ ‘ഡിലീറ്റാ’യി

harthal-whatsapp

കോഴിക്കോട് ∙സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വാട്സാപ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലായതോടെ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്ത് അഡ്മിൻമാർ തടിതപ്പാൻ ആരംഭിച്ചു. ഹർത്താൽ ദിനത്തിലും പിറ്റേന്നുമായി മലബാർ മേഖലയിൽ അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുക്കാനും സമൂഹത്തിൽ സ്പർധ വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെ പിടികൂടാനും ആരംഭിച്ചതോടെയാണ് അഡ്മിൻമാർ അങ്കലാപ്പിലായത്.

പൂർവ വിദ്യാർഥി സംഘടനകളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഗ്രൂപ്പുകളിലെ അഡ്മിൻമാർ ഹൈടെക് സെല്ലിന്റെ നിരീക്ഷണത്തിലായതോടെ സ്ഥാനം ഉപേക്ഷിച്ചു തുടങ്ങി. ഹർത്താൽ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച ഗ്രൂപ്പുകൾ പലതും ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മലബാറിനു പുറമെ തൃശൂർ ജില്ലയിലും നടപടി ഭയന്ന് ഇത്തരത്തിൽ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തൃശൂർ ജില്ലയിൽ അഡ്മിൻമാരെ പൊലീസ് വിളിപ്പിക്കാനാരംഭിച്ചതോടെ കൊടുങ്ങല്ലൂർ മേഖലയിൽ വ്യാപകമായി ഗ്രൂപ്പ് ഡിലീറ്റ് െചയ്യൽ നടന്നതായാണ് കണ്ടെത്തൽ. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി, രാമനാട്ടുകര, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പുകൾ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ നിന്നു മാത്രം ഇതുവരെ 128 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 41 കേസുകളിലായി 16 പേർ റിമാൻഡിലാണ്. കൂടുതൽ അറസ്റ്റിനുള്ള അന്വേഷണമാണു പൊലീസ് ഇപ്പോൾ നടത്തുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെയും ആശ്രയിക്കാനാണ് തീരുമാനം. അപ്രഖ്യാപിത ഹർത്താൽ ദിനത്തിൽ അക്രമത്തിനായി തെരുവിലിറങ്ങിയവരെ കണ്ടെത്തുകയാണു പൊലീസിന്റെ ലക്ഷ്യം.

related stories