രാജേഷ് വധം: സത്താറിന്റെ വനിതാ സുഹൃത്ത് കൊച്ചിയിൽ അറസ്റ്റിൽ

ഷിജിന ഷിഹാബ്

കിളിമാനൂർ∙ മുൻ റേഡിയോ ജോക്കി, മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ ആർ.രാജേഷ്കുമാറിനെ(34) കൊലപ്പെടുത്തിയ കേസിൽ ഒരു അറസ്റ്റ് കൂടി. ഒന്നാം പ്രതി ഖത്തറിൽ വ്യവസായിയായ അബ്ദുൽ സത്താറിന്റെ വനിതാ സുഹൃത്താണ് അറസ്റ്റിലായത്. പ്രതികൾക്കു പണം എത്തിച്ചു നൽകിയതാണു കുറ്റം. 

വർക്കല കിഴക്കേപ്പുറം റീനാ ഡെയിൽ നിന്ന് എറണാകുളം കപ്പലണ്ടിമുക്കിനു സമീപം ദുറുൽഇസ്‌ലാം റോഡിൽ ഹയറുന്നീസ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ് (34) ആണ് അറസ്റ്റിലായത്. എറണാകുളം തേവരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിജിനയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.

മാർച്ച് 27നു പുലർച്ചെ 2.30നു മടവൂർ ജംക്‌ഷനിലെ തന്റെ റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. അബ്ദുൽ സത്താർ നൽകിയ ക്വട്ടേ​ഷൻ അനുസരിച്ചുള്ള കൊലപാതകമാണിതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് മുൻപു ഖത്തറിൽ ജോലി ചെയ്യവെ സത്താറിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന അടുപ്പമാണു വൈരാഗ്യത്തിനു കാരണമായി പൊലീസ് കണ്ടെത്തിയത്.

ക്വട്ടേഷൻ സംഘാംഗങ്ങളായ അലിഭായി എന്ന ജെ.മുഹമ്മദ്സാലിഹ് (ഓച്ചിറ സാലി), അപ്പുണ്ണി എന്നിവർക്ക് എസ്ബിഐയുടെ കൊച്ചി ഷിപ്‌‌യാർഡ് ശാഖയിലുള്ള തന്റെ അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി.

ഷിജിനയുടെ ഭർത്താവ് ഓച്ചിറ സ്വദേശിയാണ്. ഷിജിന ആറു മാസത്തോളം ഖത്തറിൽ ഉണ്ടായിരുന്നു. ഈ കാലത്താണു സത്താറുമായി പരിചയത്തിലാകുന്നത്. രാജേഷിന്റെ കൊലയ്ക്കു മുൻപും പിമ്പും ഷിജിന സത്താറുമായി നിരന്തരം വാട്സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നാലരക്കോടിയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഖത്തറിൽ നിന്നു സത്താറിനെ കേരളത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. 

പ്രതികൾക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും നൽകിയതിന് അറസ്റ്റിലായ അപ്പുണ്ണിയുടെ സഹോദരി, ഇവരുടെ ഭർത്താവ്, അപ്പുണ്ണിയുടെ കൊച്ചിയിലുള്ള കാമുകി എന്നിവർക്കു കോടതി ജാമ്യം അനുവദിച്ചു. ചെന്നൈ വാടി മതിയഴകൻ നഗർ അണ്ണ സ്ട്രീറ്റ് നമ്പർ 18 ൽ താമസിക്കുന്ന സുമിത്ത്(34), ഭാര്യ ഭാഗ്യശ്രീ(29), കൊച്ചി വെണ്ണല അംബേദ്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല സോണി(38) എന്നിവർക്കാണു ജാമ്യം അനുവദിച്ചത്.