Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോ ജോക്കി വധം: കുറ്റപത്രം സമർപ്പിച്ചു

rj-rajesh-new ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ മുൻ റേഡിയോ ജോക്കി രാജേഷ്.

ആറ്റിങ്ങൽ∙ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാറിനെ(34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജു‍‍ഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടിലാണ് 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 146 സാക്ഷികളും 73 തൊണ്ടിമുതലും 81 രേഖകളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പിടിയിലായ രണ്ടു മുതൽ 12 വരെയുള്ള പ്രതികൾക്കെതിരെയാണു കുറ്റപത്രം. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ വിദേശത്തായതിനാൽ ഇയാളെ അറസറ്റ് ചെയ്യാനായിട്ടില്ല.

അബ്ദുൽ സത്താറിന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അവിഹിത ബന്ധമാണ് അരുംകൊലയ്ക്കു കാരണമായതെന്നു കുറ്റപത്രത്തിൽ പറയുന്നു. കേസിലെ രണ്ടാം പ്രതി അലിഭായി എന്നു വിളിക്കുന്ന ഓച്ചിറ മേമന പനച്ചമൂട്ടിൽ ജെ.മുഹമ്മദ് സ്വാലിഹ്(26), കായംകുളം പുള്ളിക്കണക്ക് ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പു എന്നു വിളിക്കുന്ന അപ്പുണ്ണി(32), കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ(24) എന്നിവർക്കു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിനു സമീപം താമസിക്കുന്ന സനു സന്തോഷ്(33), ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ യാസിൻ(23), കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന സ്വാതി സന്തോഷ്(23), കുണ്ടറ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ(27), അപ്പുണ്ണിയുടെ സഹോദരീ ഭർത്താവ് ചെന്നൈ വാടി മദിയഴകൻ നഗർ അണ്ണാസ്ട്രീറ്റ് നമ്പർ 18ൽ സുമിത് (31), സുമിത്തിന്റെ ഭാര്യ ഭാഗ്യ (29), എറണാകുളം വെണ്ണല അംബേദ്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല സോണി(38), സത്താറിന്റെ കാമുകി എറണാകുളം കപ്പലണ്ടിമുക്കിനു സമീപം ദാറുൽ ഇസ്‌ലാം റോഡിൽ ഹയറുന്നിസ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ്(34) എന്നിവർ പരോക്ഷമായും പങ്കാളികളാണെന്നു  കുറ്റപത്രം പറയുന്നു.

കൊലയിൽ നേരിട്ടു പങ്കില്ലെങ്കിലും ആദ്യ നാലു പ്രതികളൊഴികെയുള്ളവർ പ്രതികൾക്ക് ഒളിക്കാൻ സൗകര്യമൊരുക്കുകയും പണവും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. മാർച്ച് 27നു പുലർച്ചെ 2.30ന് ആണു മടവൂർ ജംക്‌ഷനിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള മെട്രാസ് സ്റ്റുഡിയോയിലിരിക്കെ കാറിലെത്തിയ സംഘം രാജേഷിനെ വെട്ടിയത്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതക കാരണം.