Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചുവന്ന കാർ, രണ്ടു നമ്പർ, ക്യാമറത്തെളിവ്; ഒരു ആർജെ കൊലപാതകം ചുരുളഴിയുമ്പോൾ...

rj-rajesh-more കൊല്ലപ്പെട്ട മുൻ ആർജെ രാജേഷ്

കേരളത്തെ ഞെട്ടിച്ച കൊലപാതകമാണ് റേഡിയോ ജോക്കി രാജേഷ് വധം. ഖത്തറില്‍നിന്ന് നേപ്പാള്‍ വഴി കേരളത്തിലേക്കെത്തിയ അലിഭായി രാജേഷിനെ വധിച്ച് ആരുമറിയാതെ നേപ്പോള്‍ വഴി ഖത്തറിലേക്ക് കടന്നപ്പോള്‍ ഞെട്ടിയത് പൊലീസാണ്. വളരെ കൃത്യതയോടെ നടത്തിയ കൊലപാതകം. അന്വേഷണത്തില്‍ നിര്‍ണായകമായത് കൊല്ലം ജില്ലയിലെ ഒരു നിരീക്ഷണ ക്യാമറയും പൊലീസിന്റെ സാമര്‍ഥ്യവും. തെളിവായത് ചിക്കന്‍പോക്സും. സ്വന്തം പോക്കറ്റിൽ നിന്ന് പൊലീസുകാർ നാലു ലക്ഷം രൂപ ചെലവഴിച്ചാണ് അന്വേഷണം നടത്തിയതും.

മാർച്ച് 27, രാത്രി രണ്ടു മണി. തിരുവനന്തപുരത്തെ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ സന്ദേശമെത്തി. മടവൂരില്‍ മെട്രോസ് മീഡിയ ആൻഡ് കമ്യൂണിക്കേഷന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തുന്ന രാജേഷെന്ന യുവാവ് വെട്ടേറ്റു മരിച്ചു. അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കുട്ടനും വെട്ടേറ്റു. രാജേഷിന്റെ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. 

പള്ളിക്കല്‍ സ്റ്റേഷനില്‍നിന്ന് ജില്ലയിലേയും അടുത്ത ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം പാഞ്ഞു. മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിക്കല്‍ എസ്ഐയും സംഘവും  സംഭവസ്ഥലത്തെത്തി. സ്റ്റുഡിയോയില്‍ വെട്ടേറ്റ് കിടക്കുകയാണ് രാജേഷ്. നിലത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. പൊലീസ് സംഘം രാജേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വെട്ടേറ്റ കൂട്ടുകാരന്‍ കുട്ടനെ പൊലീസ് സംഘം ആശുപത്രിയിലാക്കി. 

രാജേഷിനെ വെട്ടിയതിനു ഏക ദൃക്സാക്ഷി കുട്ടനാണ്. ഇയാൾക്കു ബോധം തിരിച്ചുകിട്ടുംവരെ പൊലീസ് കാത്തിരുന്നു. ചുവപ്പുനിറത്തിലുള്ള കാറിലെത്തിയ, മുഖംമൂടി ധരിച്ച മൂന്നുപേരാണ് രാജേഷിനെ വെട്ടിയതെന്നു കുട്ടന്‍ പറഞ്ഞു. സ്ഥാപനത്തിനു മുന്നിലൂടെ ഒരു കാര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് വെട്ടിയത്. കുട്ടനെയാണ് ആദ്യം വെട്ടിയത്. കയ്യിൽ വെട്ടേറ്റ കുട്ടന്‍ പുറത്തേക്കോടി. കടയ്ക്ക് അകത്തേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രാജേഷിനെ വെട്ടിയത്. കൈയ്ക്കും കാലിനും പതിനഞ്ചിലധികം വെട്ടേറ്റിരുന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊച്ചിയിലും ഖത്തറിലും റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് രാജേഷ്. നാട്ടില്‍ വന്നശേഷം കൊല്ലത്തുള്ള ‘നൊസ്റ്റാള്‍ജിയ’ എന്ന നാടന്‍പാട്ടു സംഘത്തില്‍ അവതാരകനായി പ്രവര്‍ത്തിക്കുകയായിരുന്നു. മടവൂരില്‍ മെട്രോ മീഡിയ ആൻഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോര്‍ഡിങ് സ്റ്റുഡിയോയും നടത്തിയിരുന്നു.

കൊലപാതകമുണ്ടായ മാര്‍ച്ച് 27ന് നാവായിക്കുളം മുല്ലനല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാടന്‍പാട്ട് അവതരിപ്പിച്ചശേഷമാണ് രാജേഷും കുട്ടനും സ്ഥാപനത്തിലെത്തിയത്. അടുത്തുള്ള രാജേഷിന്റെ വീട്ടിലെത്തി കഴിക്കാനുള്ള ആഹാരവുമായെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. മൂന്നു വര്‍ഷം മുന്‍പാണ് ഖത്തറിലെ ജോലി ഉപേക്ഷിച്ച് രാജേഷ് നാട്ടിലെത്തിയത്. ശത്രുക്കളില്ല. കേസുകളിലെ പ്രതിയല്ല. പൊലീസിന് ആകെ ആശ്രയം രാജേഷിന്റെ ഫോണും ചുവന്ന കാറുമായിരുന്നു.

∙ പാസ്‌വേഡ് പൂട്ടിയ ഫോൺ; ഫോണിൽ വന്ന കോൾ

murdersite-rj-rajesh രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സ്റ്റുഡിയോയ്ക്കു മുന്നിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു. ഫയൽ ചിത്രം ∙ മനോരമ

ഫോണ്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിനെ ഏല്‍പ്പിച്ചു. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി: പി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു. ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല സിഐ മാരും ഈ സ്റ്റേഷനിലെ എസ്ഐമാരും പള്ളിക്കല്‍ എസ്ഐയുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസിലെ 14 അംഗ സംഘവും അന്വേഷണത്തില്‍ സഹായിക്കാനെത്തി. പ്രതികളെ തേടിപിടിക്കേണ്ട ചുമതല ഇവര്‍ക്കായിരുന്നു.

അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഖത്തറിലുള്ള  വനിതാ സുഹൃത്തുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് മനസിലാക്കി. അപകടം നടക്കുമ്പോഴും ഇവരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. പൊലീസ് ഈ വനിതയുമായി ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രാജേഷുമായി ബന്ധമുണ്ടായിരുന്നെന്നും സംസാരിക്കാറുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി. രാജേഷിന്റെ നിലവിളി ഫോണിലൂടെ കേട്ട അവര്‍ നാട്ടിലെ സുഹൃത്തിനെ വിവരമറിയിച്ചു. അവരാണ് പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് ഈ സ്ത്രീ. വിവാഹബന്ധത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് രാജേഷുമായുള്ള ബന്ധമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. പൊലീസിന് ഒരു കാര്യം ഉറപ്പായി, മറ്റു ശത്രുക്കളൊന്നും ഇല്ലാതിരുന്ന രാജേഷ് കൊല്ലപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഈ സ്ത്രീയാണ്. ഒരു സംശയം മാത്രം. അവരിലേക്കെത്താന്‍ തെളിവുകളില്ല. ഇതേ സമയം വിവിധ പൊലീസ് സംഘങ്ങള്‍ പരിസരത്തേയും പ്രധാന റോഡുകളിലേയും സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്ന തിരക്കിലായിരുന്നു. 

രാജേഷിന്റെ ഫോണില്‍നിന്നും ഒരു വിവരവും പൊലീസിന് ലഭിച്ചില്ല. രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് ലോക് ചെയ്തിരുന്നതിനാല്‍ ഫൊറന്‍സിക് ലാബിലെ പരിശോധനയിലും ഫോണില്‍നിന്ന് വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. പല ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കുന്നവയിൽ രാത്രിയിലെ ദൃശ്യങ്ങള്‍ വ്യക്തവുമല്ല. ചാത്തന്നൂര്‍ വരെയുള്ള ക്യാമറകള്‍ പരിശോധിച്ച സംഘം മടങ്ങാനൊരുങ്ങി. ഇറങ്ങി തിരിച്ചതല്ലേ പരമാവധി മുന്നോട്ടുപോകാമെന്ന ഷാഡോ ടീമിന്റെ തീരുമാനമാണ് നിര്‍ണായകമായത്.   

∙ അതിവേഗത്തില്‍ വന്ന ‘ചുവന്ന സിഫ്റ്റ്’

swiftcar-rj-rajesh-murder രാജേഷിന്റെ കൊലപാതകത്തിനു ശേഷം ക്യാമറയിൽ പതിഞ്ഞ സ്വിഫ്റ്റ് കാറിന്റെ ദൃശ്യം. ഇൻസൈറ്റിൽ കൊല്ലപ്പെട്ട രാജേഷ്.

കൊല്ലം ജില്ലയിലെ കൊട്ടിയത്തിന് അടുത്തുള്ള സ്ഥലമാണ് തട്ടാമല. ചുവന്ന സ്വിഫ്റ്റ് കാർ തേടിയിറങ്ങിയ സംഘത്തിന് നിര്‍ണായക വിവരം ലഭിക്കുന്നത് തട്ടാമലയിലെ ക്യാമറയില്‍നിന്നാണ്. കൊലപാതകമുണ്ടായി മണിക്കൂറുകള്‍ക്കകം ഒരു കാര്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ ആ വഴി കടന്നുപോയിട്ടുണ്ട്. കാറിന്റെ നമ്പരില്‍നിന്ന് ഉടമയെ തിരിച്ചറിഞ്ഞു. കായംകുളം സ്വദേശിയുടേതാണ് കാര്‍. മുതുകുളം സ്വദേശിയായ വിദേശ മലയാളിയാണ് കാര്‍ വാടകയ്ക്ക് എടുത്തത്. അയാള്‍ മറ്റൊരു സുഹൃത്തിന് കാര്‍ കൈമാറിയിട്ടുണ്ട്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള സുഹൃത്തിന് കാര്‍ കൈമാറിയതായി അയാള്‍ സമ്മതിച്ചു. പൊലീസ് പ്രതികളോട് ഒരു പടി അടുത്തു.  

രാജേഷ് വധക്കേസില്‍ നിര്‍ണായകമായത് സ്വിഫ്റ്റ് കാറാണെന്നു വൈകിയാണ് പൊലീസിനു മനസിലായത്. തട്ടാമലയില്‍ എത്തുന്നതിനു മുന്‍പ് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് അക്രമി സംഘം സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചത്. കൊലപാതകത്തിനുശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സാവധാനത്തിലായിരുന്നു സഞ്ചാരം. തിരുവനന്തപുരം ജില്ല കഴിഞ്ഞ് കൊല്ലം അടുക്കാറായപ്പോള്‍ തട്ടാമല എത്തുന്നതിനു മുന്‍പാണ് വ്യാജ നമ്പര്‍ മാറ്റി യഥാര്‍ഥ നമ്പരാക്കി ഓടിച്ചുപോയത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു കാരണം. വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ അന്വേഷണം നീണ്ടുപോകുമായിരുന്നു. ഒരുപക്ഷേ പ്രതികള്‍ രക്ഷപ്പെടുമായിരുന്നു.

∙ കാറിൽ നിന്ന് ‘സാത്താൻ ചങ്ക്സി’ലേക്ക്

kuttan-rajesh-murder കൊട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ രാജേഷിന്റെ സുഹൃത്ത് കുട്ടൻ വെള്ളല്ലൂർ.

കാര്‍ വാടകയ്ക്കെടുത്തവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊലപാതകികളെ തേടിപോയ പൊലീസ് സംഘം എത്തിയത് ‘സാത്താനു’ മുന്നിലാണ്.  ‘സാത്താന്‍ ചങ്ക്സ്’ വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായ സനുവിലേക്ക്. മുഹമ്മദ് സാലിഹും (അലിഭായി–26) റേഡിയോ ജോക്കി രാജേഷ് വധത്തിലെ കൂട്ടുപ്രതികളും ചേര്‍ന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പാണ് ‘സാത്താൻ ചങ്ക്സ്. ‘സാലി’ എന്നു വിളിപ്പേരുള്ള സാലിഹിന് ഈ വാട്സാപ് ഗ്രൂപ്പിൽ മാത്രമുള്ള പേരാണ് ‘അലിഭായി’. വാടകയ്ക്ക് എടുത്തവരില്‍നിന്ന് രണ്ടു കൈ മറിഞ്ഞ് കാര്‍ എത്തിയത് സനുവിലാണ്. സനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഫോണ്‍ രേഖകള്‍ പരിശോധിച്ചു. അധികനേരം പിടിച്ചുനില്‍ക്കാന്‍ സനുവിനായില്ല. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പേരുകളും പൊലീസിനോട് അയാള്‍ ഏറ്റുപറഞ്ഞു. സംഘത്തലവന്‍ ഖത്തറിലെ ജിംനേഷ്യം പരിശീലകൻ ‘അലിഭായി’ എന്ന സാലിഹ് ബിൽ ജലാൽ. ഇയാളെ പരിചയപ്പെടുന്നത് സുഹൃത്തായ അപ്പുണ്ണി വഴി. ക്വട്ടേഷൻ നൽകിയ ഖത്തറിലെ വ്യവസായി ഓച്ചിറ നായമ്പരത്ത് കിഴക്കതിൽ ‘പത്തിരി സത്താർ’ എന്ന അബ്ദുൽ സത്താർ. കൊലപാതകത്തിനു കാരണം സത്താറിന്റെ ഭാര്യയ്ക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധം.   

സത്താറിന്റെ സുഹൃത്തും ജിമ്മിലെ പരിശീലകനുമായിരുന്നു അലിഭായി. രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തിയാണു കൃത്യം നിർവഹിച്ചത്. ‘സാത്താൻ ചങ്ക്സ്’ വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ വർഷം തോറും ഒത്തുകൂടുന്ന പതിവുണ്ട്. അംഗങ്ങളുടെ ഒത്തുകൂടൽ എന്ന പേരിൽ പ്രതികളടക്കം പന്ത്രണ്ടോളം പേർ മാര്‍ച്ച് 25 നും 26 നും വള്ളിക്കീഴിലുള്ള സനുവിന്റെ വീട്ടിൽ തങ്ങി. മദ്യസൽക്കാരം, പാട്ട് എന്നിവയോടെ വൻ ആഘോഷമായിരുന്നു. ഇതിനിടെ പാരിപ്പള്ളിയിൽ പോകുന്നുവെന്നു പറഞ്ഞു പ്രതികൾ ഇടയ്ക്കു മടവൂരിലെത്തി നീരീക്ഷണവും നടത്തി. 

26 ന് രാവിലെ പകൽ അപ്പുണ്ണിയുമൊത്തു സാലിഹ് മടവൂരിലെ സ്റ്റുഡിയോയിൽ നേരിട്ടെത്തി രാജേഷിനെ പരിചയപ്പെട്ടു. മുൻപരിചയമില്ലാത്തതിനാൽ ആളെ നേരിട്ടു കണ്ടു ബോധ്യപ്പെടുകയായിരുന്നു ഉദ്ദേശ്യം. ചെന്നൈയിൽ ജോലി കിട്ടിയ രാജേഷ് പിറ്റേന്നു പോകുമെന്നറിഞ്ഞതോടെ അന്നു തന്നെ കൃത്യം നടപ്പാക്കാൻ ഇവർ ധൃതിയിൽ തീരുമാനിക്കുകയായിരുന്നു. ഉൽസവപരിപാടി കഴിഞ്ഞു രാജേഷ് വരാൻ വേണ്ടിയാണ് പിറ്റേന്നു പുലർച്ചെ രണ്ടു മണി വരെ കാത്തത്. കൊലയ്ക്ക് ശേഷം പ്രതികൾ നേരെ സനുവിന്റെ വീട്ടിലെത്തി. രക്തംപുരണ്ട വാളുകളും ഷർട്ടുകളും മറ്റും കവറിലാക്കിയ ശേഷം പുലർച്ചെ തന്നെ കാറിൽ ബെംഗളൂരുവിലേക്ക് പോയതായും പൊലീസിന് മനസിലായി.

കൊലപാതകം നടത്തിയവരെയും അതിന്റെ കാരണവും മനസിലായി. ഇനി പ്രതികളെ തേടിപിടിക്കണം. ഷാഡോ ടീമിനായിരുന്നു ഇതിന്റെ പ്രധാന ചുമതല. സഹായത്തിന് വിവിധ സ്റ്റേഷുകളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരും. ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് കൊലപാതകികളെ തേടിയിറങ്ങി. അതേക്കുറിച്ച് തുടരും...