Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജേഷ് വധം: ഒളിവിലായിരുന്ന അപ്പുണ്ണിയും അറസ്റ്റിൽ

appunni-and-rajesh അപ്പുണ്ണി, രാജേഷ്

കിളിമാനൂർ∙ മുൻ റേഡിയോ ജോക്കി മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി വി.അപ്പുണ്ണിയും അറസ്റ്റിൽ. കായംകുളം പുള്ളിക്കണക്ക് ദേശത്തിനകം കളത്തിൽ വീട്ടിൽ വി.അപ്പുണ്ണിയെ(അപ്പു–32) ചെന്നൈയിൽ ഒളിത്താവളമൊരുക്കിയ സഹോദരീഭർത്താവ് ചെന്നൈ വാടി മതിയഴകൻ നഗർ അണ്ണാ സ്ട്രീറ്റ് നമ്പർ 18ൽ സുമിത്തി(34)നൊപ്പമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഒരു സ്ത്രീയെ അപ്പുണ്ണി സ്ഥിരമായി വിളിക്കാറുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഉപയോഗിച്ച് അപ്പുണ്ണിയെ കായംകുളത്തേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ രാജേഷിനെ കൊലപ്പെടുത്തിയതിൽ നേരിട്ടു പങ്കെടുത്തവരെല്ലാം പിടിയിലായി.

മാർച്ച് 27നു പുലർച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ്(34) കൊല്ലപ്പെട്ടത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം മുഹമ്മദ് സാലിഹും(അലിഭായി) അപ്പുണ്ണിയും തൻസീറും അടങ്ങുന്ന സംഘമാണു രാജേഷിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനുശേഷം അലിഭായി, തൻസീർ എന്നിവർക്കൊപ്പം അപ്പുണ്ണി കാറിൽ ബെംഗളൂരുവിലേക്കു കടന്നെന്നു പൊലീസ് അറിയിച്ചു. അവിടെനിന്ന് അലിഭായി ഡൽഹിക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. ചെന്നൈയിൽ സുമിത്തിന്റെ വീട്ടിലും പിന്നീടു പോണ്ടിച്ചേരി, മധുര, ധനുഷ്കോടി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു. അപ്പോഴെല്ലാം സഹായവുമായി സുമിത്തും ഒപ്പമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി നാട്ടിലുള്ള സുഹൃത്തായ അപ്പുണ്ണിയെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്റെ സമയവും തീയതിയും മറ്റും തീരുമാനിച്ചത് അപ്പുണ്ണിയായിരുന്നു. വാട്സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയുമായിരുന്നു ആസൂത്രണം. അപ്പുണ്ണിയുടെ നിർദേശപ്രകാരമാണ് അലിഭായി കൊലപാതകത്തിനായി ഖത്തറിൽനിന്നുള്ള വരവും മടങ്ങിപ്പോക്കും കഠ്മണ്ഡു വഴിയാക്കിയത്. മറ്റു പ്രതികളെല്ലാം വലയിലായെങ്കിലും അപ്പുണ്ണി മാത്രം പിടിതരാതെ പൊലീസിനെ വലയ്ക്കുകയായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പല സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അപ്പുണ്ണിയുമായി അടുപ്പമുള്ള ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കി. ബന്ധുക്കളെ ബുദ്ധിമുട്ടിച്ചു പ്രതിയെ സമ്മർദത്തിലുമാക്കി. അതിനിടെയാണ് എറണാകുളത്തെ സ്ത്രീയുമായുള്ള അപ്പുണ്ണിയുടെ അടുപ്പം മനസ്സിലാക്കുന്നത്. അതോടെ ആ വഴിക്കു നീങ്ങി. ആ ശ്രമം ഫലം കണ്ടു.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേരും ഗൂഢാലോചനയിൽ പങ്കുള്ള നാലുപേരും ഇതോടെ അറസ്റ്റിലായി. ക്വട്ടേഷൻ നൽകിയ സത്താറാണ് ഇനി പിടിയിലാകാനുള്ള മുഖ്യ പ്രതി. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു യാത്രാവിലക്കുള്ള സത്താറിനെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.