Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ കടന്നെത്തിയ പ്രതികാര ക്വട്ടേഷൻ; തെളിവു പട്ടികയിൽ ചിക്കൻപോക്സും...

abdul-sathaar-ali-bhai-rj-rajesh മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അബ്ദുൽ സത്താർ (വലത്ത്), രണ്ടാം പ്രതി അലിഭായിക്കൊപ്പം. കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷ്.

‘അവളെ ഫോണില്‍ വിളിക്കുമ്പോള്‍ തന്നെ രാജേഷിനെ വെട്ടിവീഴ്ത്തണം’– ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ അലിഭായിക്കു നൽകിയ ക്വട്ടേഷന്‍ ഇതായിരുന്നു. സ്നേഹിച്ചു വിവാഹം കഴിച്ചവരായിരുന്നു സത്താറും ഭാര്യയും. ഇതര മതത്തില്‍പ്പെട്ട ഭാര്യ വിവാഹത്തിനുശേഷം മതംമാറി. ഖത്തറിൽ നൃത്താധ്യാപികയായ സത്താറിന്റെ ഭാര്യയും രാജേഷും റേഡിയോ പരിപാടിക്കിടയാണു പരിചയപ്പെട്ടത്. ഇവര്‍ തമ്മിലുള്ള അടുപ്പം സത്താറിന്റെ കുടുംബജീവിതം തകർത്തു. ബിസിനസ് പൊളിഞ്ഞു. പലതവണ രാജേഷിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും ബന്ധം തുടര്‍ന്നു.

സത്താര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണു ഖത്തറിലെ ജോലി ഉപേക്ഷിച്ചു രാജേഷ് നാട്ടിലെത്തിയത്. എട്ടുലക്ഷത്തോളം രൂപ യുവതി രാജേഷിനു നല്‍കിയിരുന്നു. കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുന്‍പും 29,000 രൂപ അവര്‍ രാജേഷിന്റെ അക്കൗണ്ടിലേക്ക് അയച്ചു. മാര്‍ച്ച് 29ന് ചെന്നൈയില്‍ വച്ചു കാണാമെന്നായിരുന്നു വാദ്ഗാനം. സത്താറുമായി പിരിഞ്ഞശേഷം വേറെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.

രാജേഷ് പ്രോഗ്രാം അവതരിപ്പിക്കുന്ന സമയത്തൊഴികെ എല്ലായ്പ്പോഴും ഇവര്‍ വിഡിയോ കോളിലൂടെ സംസാരിക്കാറുണ്ട്. തന്റെ ജീവിതം തകര്‍ത്ത രാജേഷ് ഭാര്യയുമായി വീണ്ടും ബന്ധം പുലര്‍ത്തുന്നതറിഞ്ഞ സത്താര്‍ കൊലപാതകം ആസൂത്രണം െചയ്തു. ജിമ്മിലെ ട്രെയിനറും അടുത്ത സുഹൃത്തുമായ സാലിഹിനു (അലിഭായി) ക്വട്ടേഷൻ നൽകി. ബിസിനസിൽ പങ്കാളിയാക്കാമെന്ന വാഗ്ദാനത്തിലാണു സാലിഹ് വീണത്. തുടർന്നു കൊലപാതക പദ്ധതി ഖത്തറിൽ തയാറാക്കി. അലിഭായി നാട്ടിലേക്കു തിരിച്ചു.

ഖത്തറില്‍നിന്ന് നേപ്പാൾ, ഡൽഹി..

മാർച്ച് 15. ഇന്ത്യയിലെ വിമാനത്താവളം വഴി വന്നുപോയാൽ പൊലീസ് പിടികൂടാന്‍ സാധ്യതയുള്ളതിനാല്‍ അലിഭായി ഖത്തറിൽ നിന്നു കാഠ്മണ്ഠുവിൽ എത്തി. ബസിൽ 2,400 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡൽഹിയിലെത്തി. ഫ്ലൈറ്റിൽ 19ന് ബെംഗളൂരുവിലേക്ക്. അവിടെ അപ്പുണ്ണി, യാസീൻ, സ്വാതി സന്തോഷ് എന്നിവർക്കൊപ്പം രണ്ടു ദിവസം തങ്ങി. തുടർപരിപാടികൾ ആസൂത്രണം ചെയ്തു.

രാജേഷിനെ മുൻപു കണ്ടിട്ടില്ലാത്തതിനാൽ അലിഭായി അപ്പുണ്ണിയുമൊത്ത് 26നു രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയിലെത്തി. പിറ്റേന്നു ചെന്നൈയ്ക്കു പോവുകയാണെന്നും ഹ്രസ്വചിത്രം നിർമിക്കാൻ മറ്റാരെയെങ്കിലും സമീപിക്കാനും രാജേഷ് പറഞ്ഞതോടെ അന്നു രാത്രി തന്നെ ക്വട്ടേഷൻ നടപ്പാക്കി. കൊലപാതത്തിനു ശേഷം ബെംഗളൂരുവിലെത്തിയ അലിഭായി ഡല്‍ഹിയില്‍നിന്നു നേപ്പാള്‍ വഴി ഖത്തറിലേക്കു കടന്നു. ഇന്റർപോളും എംബസിയും വഴി പൊലീസ് നടത്തിയ സമ്മർദ നീക്കത്തിനൊടുവിലാണ് അലിഭായിയെ തിരുവനന്തപുരത്തെത്തിച്ചത്. കൊലക്കേസിലെ മുഖ്യപ്രതിയായതിനാൽ വീസ റദ്ദാക്കി കേരളത്തിലേക്ക് അയയ്ക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വിമാനത്താവളത്തിൽ കാത്തിരുന്ന പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

സംഭവത്തെക്കുറിച്ച് അലിഭായി വെളിപ്പെടുത്തിയതിങ്ങനെ: നാട്ടിലെ സുഹൃത്തും മുൻപു കേസുകളിൽ കൂട്ടുപ്രതിയുമായിട്ടുള്ള അപ്പുണ്ണി രാജനെയും കൂട്ടി 24നു വൈകിട്ട് കേരളത്തിലെത്തി. നാട്ടിലുള്ള തൻസീറും ഒപ്പമുണ്ടായിരുന്നു. രണ്ടു ദിവസം സ്ഥലവും രാജേഷിനെയും നിരീക്ഷിച്ചു. 27നു പുലർച്ചെ മടവൂരിലെ റിക്കോർഡിങ് സ്റ്റുഡിയോയിലെത്തി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് സുഹൃത്ത് സനുവിന്റെ വീട്ടിലേക്ക്. അവിടെ മറ്റുള്ളവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആയുധം കരുനാഗപ്പള്ളിയിലെ കായലിൽ ഉപേക്ഷിച്ചു. കൊലയുടെ രണ്ടാം ദിവസം കാഠ്മണ്ഡു വഴി ഖത്തറിലേക്കു രക്ഷപ്പെട്ടു. ഗൾഫിൽ വച്ചായിരുന്നു ഗൂഢാലോചന.

ആയുധങ്ങൾ പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം കന്നേറ്റി പാലത്തിലെത്തിച്ചു പൊലീസ് തെളിവെടുത്തു. മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെടുക്കാനായില്ല. പിന്നീട് ആയുധങ്ങള്‍ പാലത്തിനടത്തുനിന്നു കിട്ടി. കൊലപാതകം നടത്തിയപ്പോൾ തളം കെട്ടിയ രക്തത്തിൽ തെന്നിവീണു തൻസീറിന്റെ വസ്ത്രത്തിൽ ചോര പുരണ്ടിരുന്നു. ഈ വസ്ത്രവും കന്നേറ്റി കായലിൽ ഉപേക്ഷിച്ചിരുന്നെങ്കിലും അതു ലഭിച്ചില്ല.

അപ്പുണ്ണിയെ പിടിക്കാന്‍ ഒന്നര ലക്ഷം

പ്രധാന പ്രതികളില്‍ മിക്കവരെയും കിട്ടി. അപ്പുണ്ണിയും സത്താറും മാത്രം പൊലീസിനു പിടികൊടുത്തില്ല. ഖത്തറിലെ ഒരു മാധ്യമത്തിനു സത്താറും ഭാര്യയും അഭിമുഖം നല്‍കിയിരുന്നു. സത്താറിനു കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണു ഭാര്യ സ്വീകരിച്ചത്. അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമാകാമിതെന്നു വിലയിരുത്തിയ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപ്പോഴും ചോദ്യം ബാക്കിയായി- അപ്പുണ്ണിയെവിടെ?

ഒരു കൊലക്കേസിലും പതിനഞ്ചോളം ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു അപ്പുണ്ണി. രണ്ടുവര്‍ഷത്തിലേറെയായി വിദേശത്ത്. അവിടെവച്ചാണ് അലിഭായിയെ പരിചയപ്പെടുന്നത്. അപ്പുണ്ണിയെക്കുറിച്ച് ആര്‍ക്കും വിവരമില്ല. ഫോണില്‍ കൂട്ടാളികളെ ആരെയും വിളിച്ചില്ല. മൊബൈല്‍ ബാങ്കിങിലൂടെ ചില ഇടപാടുകള്‍ അപ്പുണ്ണി നടത്തിയതായി സൂചന കിട്ടി. ചെന്നെയിലെ മറീന ബീച്ച് പരിസരത്തെയും താംബരത്തെയും എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിച്ചിട്ടുണ്ട്. അപ്പുണ്ണിക്ക് എറണാകുളത്തുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുന്നത്.

ഇവരുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. കേരളത്തില്‍നിന്ന് പോയശേഷം 170 തവണ അപ്പുണ്ണി ആ സ്ത്രീയെ വിളിച്ചിട്ടുണ്ട്. അമ്മയെയും അപ്പുണ്ണി വിളിക്കാറുണ്ട്. പക്ഷേ സ്വന്തം ഫോണില്‍നിന്ന് ഒരിക്കലും വിളിക്കില്ല. ഏതെങ്കിലും സ്ഥലത്തെ ബൂത്തില്‍നിന്ന് ഒരു കോള്‍ മാത്രം. അതിനുശേഷം സ്ഥലം മാറും. പോണ്ടിച്ചേരി, വേളാങ്കണ്ണി, വിഴിപ്പുറം, മധുര, കോയമ്പത്തൂര്‍, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലെല്ലാം അപ്പുണ്ണിയെ അന്വേഷിച്ചു പൊലീസ് സംഘം കറങ്ങി. രാമേശ്വരത്ത് അപ്പുണ്ണി മൂന്നു ദിവസം വന്നുപോയി. അപ്പുണ്ണിയെ തേടിയുള്ള കറക്കത്തിനായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മാത്രം ചെലവായത് ഒന്നര ലക്ഷം രൂപ.

rj-rajesh-new ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ മുൻ റേഡിയോ ജോക്കി രാജേഷ്.

എല്ലാപ്രതികളെയും പിടിക്കാന്‍ ചെലവായതു നാലു ലക്ഷം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍നിന്നാണു പണം മുടക്കിയത്. എറണാകുളത്തെ സ്ത്രീ സുഹൃത്തില്‍നിന്നാണ് അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിലെത്തിയ വിവരം മനസ്സിലാക്കുന്നത്. പൊലീസ് വീട്ടിലെത്തുമ്പോഴേക്കും അപ്പുണ്ണി അവിടെനിന്നു കടന്നിരുന്നു. ഒരു വീടിന്റെ വരാന്തയില്‍ കിടന്ന മലയാളപത്രമാണു പൊലീസിനെ ‘ചതിച്ചത്’. പൊലീസ് തമിഴ്നാട്ടിലെത്തിയ വിവരം പത്രത്തിലൂടെ മനസ്സിലാക്കിയ അപ്പുണ്ണി അളിയനെയും കൂട്ടി മറ്റൊരു സ്ഥലത്തേക്കു പുറപ്പെട്ടു.

പോകുന്നതിനു മുന്‍പു രണ്ടുപേരുടെയും കാതിലുണ്ടായിരുന്ന കടുക്കന്‍ യാത്രാചെലവിനായി വിറ്റു. വണ്ടി കടത്തിയതുമായി ബന്ധപ്പെട്ടു കേസുണ്ടെന്നും നാട്ടിലേക്കു പോകാനാകില്ലെന്നുമാണ് അളിയനോട് പറഞ്ഞിരുന്നത്. പിന്നീടു സത്താറിനെ ബന്ധപ്പെട്ടു. സത്താര്‍ രണ്ടു തവണയായി 50,000 രൂപ വീതം അയച്ചു. ഇതിനുശേഷം അപ്പുണ്ണി ഒറ്റയ്ക്കു നാട്ടിലേക്കു തിരിച്ചു. അപ്പുണ്ണി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയതായി ഇതിനിടെ പൊലീസ് മനസ്സിലാക്കി.

സ്ത്രീ വഴി വക്കീലിനെയും അപ്പുണ്ണി ബന്ധപ്പെടുന്നുണ്ട്. വക്കീലിനെ നേരിട്ടു വിളിക്കില്ല. സ്ത്രീയെ കസ്റ്റഡിയിലെടുത്ത പൊലീസ്, വക്കീലിനു കാണുന്നതിനായി അപ്പുണ്ണിയോട് എറണാകുളത്തെത്തണമെന്ന് അവര്‍ വഴി ആവശ്യപ്പെട്ടു. വക്കീല്‍ നേരിട്ടു വരില്ലെന്നും മറ്റൊരാളെ അയയ്ക്കുമെന്നും അറിയിച്ചു. വക്കീല്‍ കാണാനായി വരുമ്പോള്‍ കാറില്‍ ഒന്നിലധികം പേർ‌ ഉണ്ടാകരുതെന്നായിരുന്നു അപ്പുണ്ണിയുടെ നിര്‍ദേശം. സ്ഥലത്തെത്തിയ അപ്പുണ്ണിയെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി

തെളിവായി ചിക്കന്‍പോക്സ്

ഈ കേസില്‍ പ്രതികളുടെ ബന്ധത്തിനു വലിയ തെളിവായത് ഒരു അസുഖമാണ്- ചിക്കന്‍പോക്സ്. അറസ്റ്റിലായ അഞ്ചു പ്രതികളിൽ സാലിഹ്, സ്വാതി സന്തോഷ്, യാസീൻ, അപ്പുണ്ണി എന്നിവർക്കാണു ചിക്കൻപോക്സ് ബാധിച്ചത്. ബെംഗളൂരുവിലെ താമസത്തിനിടെ യാസീനാണു രോഗം ആദ്യം പിടിപെട്ടത്. യാസീനിൽ നിന്നാണു മറ്റുള്ളവരിലേക്കു രോഗം പകർന്നത്.

രണ്ടാഴ്ചയ്ക്കകം കൊലയാളി സംഘത്തിലുള്ള മൂന്നു പ്രതികളടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തത് അന്വേഷണസംഘത്തിന്റെ നേട്ടമായി. ഇനി പിടികൂടാനുള്ളത് ഒന്നാം പ്രതി സത്താറിനെ മാത്രം. ജില്ലാ പൊലിസ് മേധാവി പി.അശോക്‌ കുമാറിനായിരുന്നു അന്വേഷണത്തിന്റെ നേതൃത്വം. ആറ്റിങ്ങൽ ഡിവൈഎസ്പി: പി.അനിൽകുമാർ. ഐഎസ്എച്ച്ഒമാരായ വി.എസ്.പ്രദീപ്കുമാർ (കിളിമാനൂർ), എം.അനിൽകുമാർ (ആറ്റിങ്ങൽ), പി.വി.രമേഷ്കുമാർ (വർക്കല), എസ്ഐമാരായ ശ്യാംജി (പള്ളിക്കൽ), ബി.കെ.അരുൺ (കിളിമാനൂർ), ഷാഡോ എസ്ഐമാരായ സിജു കെ.എൽ.നായർ, സതീഷ്കുമാർ, പോൾവിൻ, ഷാഡോ എഎസ്ഐമാരായ ജയൻ, ഫിറോസ്ഖാൻ, ഷിബു, ബിജു, ടീമംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ്, സുനിൽലാൽ, പ്രവീൺ, സുനിൽ, നെവിൽ, അജിത്ത്കുമാർ, ദിനോർ, സുജിത്ത്, ജിഎസ്ഐമാരായ രാജശേഖരൻ, ഗോപകുമാർ, ഉദയൻ, പൊലീസുകാരായ ഷാൻ, അനൂപ്, അൻസർ എന്നിവരുൾപ്പെട്ട സംഘമാണു കേസ് അന്വേഷിച്ചത്.

രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടിയെങ്കിലും സ്വന്തം വകുപ്പിന്റെ അവഗണനയും അന്വേഷണത്തിനായി ചെലവായ നാലു ലക്ഷം രൂപ കടവുമാണു പ്രതിഫലമായി ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡിനു ശുപാര്‍ശ ചെയ്യുമെന്നു റൂറല്‍ എസ്പി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടിയായില്ല. വരാപ്പുഴ പൊലീസ് കസ്റ്റഡി മരണമാണു പൊലീസ് സംഘത്തിന് താല്‍ക്കാലിക തിരിച്ചടിയായത്.

(പരമ്പര അവസാനിച്ചു)