Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഫോണില്‍നിന്ന് ഒരു കോള്‍, രഹസ്യങ്ങള്‍ക്ക് വാട്സ്ആപ്; നാലാമനെ പൊലീസ് കുടുക്കിയ കഥ

culprits-rj-rajesh-murder കൊലപാതകത്തിൽ അറസ്റ്റിലായ അലിഭായി എന്ന സാലിഹ്‌ ബിൻ ജലാൽ, സ്വാതി സന്തോഷ്, കെ.തൻസീർ.

റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് സംഘത്തെ ഏറ്റവും വലച്ചത് മൊബൈല്‍ ഫോണാണ്. കേസുകളില്‍ സാധാരണ നിര്‍ണായകമാകുന്നതു പ്രതികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമോ കൃത്യം നടന്ന സ്ഥലത്തു കൊലയാളികള്‍ എത്തിയെന്നതിന്റെ തെളിവായി മാറുന്ന ഫോണ്‍ രേഖകളോ ആണ്. രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പോലും സ്വന്തം നമ്പരില്‍നിന്ന് പരസ്പരം ബന്ധപ്പെട്ടില്ല. കൊലപാതകത്തിനായി പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ സംഘാംഗങ്ങളെ വിളിക്കേണ്ടിവന്നപ്പോഴെല്ലാം ഉപയോഗിച്ചത് പരിചയക്കാരുടെ ഫോൺ. ഒരു ഫോണില്‍നിന്ന് ഒരു കോള്‍ മാത്രം. രഹസ്യങ്ങള്‍ പങ്കുവച്ചത് വാട്സ്ആപ് ഗ്രൂപ്പ് വഴി. കൊലപാതകം നടത്തിയശേഷവും പ്രതികള്‍ ഈ രീതി തുടര്‍ന്നു. ഒളിവില്‍പോയ പ്രതികള്‍ അടുപ്പക്കാരെ വിളിച്ചത് പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍നിന്നാണ്. അതും ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്ന് പുറപ്പെടുന്നതിനു തൊട്ടു മുന്‍പു മാത്രം. നമ്പര്‍ കണ്ടെത്തി പൊലീസെത്തുമ്പോഴേക്കും കുറ്റവാളി അടുത്ത സുരക്ഷിത കേന്ദ്രത്തിലെത്തിയിരിക്കും. വക്കീലിനെപോലും നേരിട്ട് വിളിക്കാതെ ഇടനിലക്കാര്‍ വഴിയാണു പ്രതികള്‍ ബന്ധപ്പെട്ടിരുന്നത്. കൊലപാതകത്തിനു മുന്‍പ് പ്രതികള്‍ ഉപയോഗിച്ചിരുന്ന നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് കടുത്ത പ്രതിസന്ധിയിലായി.

സനുവില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണ് കൊലയാളി സംഘത്തിനു സഹായങ്ങള്‍ ചെയ്തു കൊടുത്ത സ്വാതി സന്തോഷ് പിടിയിലാകുന്നത്. രാജേഷിനെ വെട്ടാൻ കുണ്ടറയിൽ നിന്നു വാൾ വാങ്ങി നൽകിയതു നിരവധി കേസുക​ളിലെ പ്രതിയായ സന്തോഷായിരുന്നു. ക്വട്ടേഷനെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ രണ്ടാംപ്രതി അലിഭായി സന്തോഷിനു നല്‍കിയുള്ളൂ. ആസൂത്രണത്തില്‍ പങ്കാളിയാക്കാത്തതിനാല്‍ ക്വട്ടേഷന്റെ കാരണത്തെക്കുറിച്ചു സന്തോഷിനു വ്യക്തമായ അറിവുണ്ടായിരുന്നില്ല.

പൊലീസ് അന്വേഷണത്തില്‍ സന്തോഷിന്റെ സഹോദരന്‍ കഞ്ചാവ് േകസില്‍ പ്രതിയാണെന്നു മനസിലായി. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഇടുക്കിയിലുണ്ട്. താമസസ്ഥലം മനസിലാക്കിയ പൊലീസ് ഇടുക്കിയിലേക്ക് തിരിച്ചു. മൂന്നാര്‍ മാങ്കുളത്തുനിന്ന് കിളിമാനൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സന്തോഷിന്റെ സഹോദരനെ പിടികൂടി. സഹോദരനെ പൊലീസ് പ്രതിയാക്കുമെന്ന ഭയത്തെത്തുടര്‍ന്നു ബന്ധുക്കള്‍ സ്വാതി സന്തോഷിന്റെ ഒളിത്താവളത്തെക്കുറിച്ചു പൊലീസിനു സൂചന നല്‍കി. സന്തോഷ് അറസ്റ്റിലായി.

മൂന്നിൽ നിന്ന് നാലിലേക്ക്... മൊഴി ചികഞ്ഞ് പൊലീസ്


ക്വട്ടേഷൻ പ്രതികൾക്കു വാൾ നൽകിയ കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബി ജോണിനെ ഇതിനു പിന്നാലേ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം മുന്നോട്ടുപോകുമ്പോഴാണ് സനുവിന്റെ ഒരു മൊഴി പൊലീസിനെ കുഴപ്പിച്ചത്. സിഫ്റ്റ് കാറില്‍ അലിഭായിയെയും അപ്പുണ്ണിയെയും കൂടാതെ മൂന്നാമതൊരാളെ മിന്നായംപോലെ കണ്ടു എന്നായിരുന്നു മൊഴി. കൃത്യം കഴിഞ്ഞുവന്നപ്പോള്‍ നാലു പേരുണ്ടായിരുന്നെന്നായിരുന്നു സ്വാതി സന്തോഷിന്റെ മൊഴി.

ആരാണ് ആ നാലാമൻ‍? ഒരു ഗ്രൂപ്പിലും അയാളെപ്പറ്റി പരാമര്‍ശമില്ല. ആര്‍ക്കും അയാളെ അറിയില്ല. ക്വട്ടേഷന്‍ നല്‍കിയ സത്താര്‍ ആണോ അയാളെന്നുപോലും പൊലീസ് സംശയിച്ചു. സനുവിന്റെയും സ്വാതിയുടേയും ഫോണ്‍ വീണ്ടും പരിശോധിച്ചപ്പോള്‍ സനുവിന്റെ ഫോണിലെ ഒരു കോളില്‍ പൊലീസിനു സംശയം തോന്നി. ആ നമ്പര്‍ ആരുടേതാണെന്നു സനുവിനും അറിയില്ല. അലിഭായിയോ അപ്പുണ്ണിയോ സംസാരിച്ച നമ്പരാകാമെന്നു സനു പറഞ്ഞു. സുഹൃത്തുക്കളെ വിളിക്കാന്‍ അലിഭായി ചിലപ്പോഴൊക്കെ സനുവിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പരിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശിയായ തന്‍സീർ.


∙ ഹര്‍ത്താല്‍ ദിനത്തിൽ പൊലീസിന്റെ ‘തൊഴിലാളി’വേഷം


ട്ര‍േഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പള്ളിക്കല്‍ എസ്ഐയുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസിന്റെ ഒരു സംഘം കരുനാഗപ്പള്ളിക്ക് തിരിച്ചു. സ്വകാര്യ വാഹനത്തില്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. തന്‍സീര്‍ ഒരു ഐസ് ഫാക്ടറിയില്‍ ലോഡിങ് തൊഴിലാളിയാണെന്നു പ്രാഥമിക അന്വേഷണത്തില്‍ മനസിലായി. കൊലപാതകം നടന്ന ദിവസവും തന്‍സീര്‍ ജോലിക്കെത്തിയിരുന്നു. ചില മതസംഘടനകളുമായി ബന്ധമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുണ്ട്. തന്‍സീര്‍ ജോലിക്കായി വരുന്ന വഴിയില്‍ ഷാഡോ സംഘം കാത്തുനിന്നു. ഒരു ഇടവഴിയില്‍നിന്ന് ബൈക്കിലെത്തിയ തന്‍സീര്‍ പ്രധാന റോഡിലേക്ക് കയറി. റോഡരികില്‍ ഇന്നോവ കാറില്‍ സാധാരണ വേഷത്തില്‍ ഷാഡോ സംഘം. പെട്ടെന്ന് എന്തോ സംശയം തോന്നിയപോലെ തന്‍സീര്‍ തൊട്ടടുത്തുള്ള പള്ളിവളപ്പിലേക്ക് ഓടി കയറി. തൊട്ടു പിന്നാലെ ഷാഡോ സംഘവും. തന്‍സീറിനെ കണ്ടെത്താനായില്ല.

∙ ‘അളിയനെ’ കരുവാക്കി പൊലീസ്

തന്‍സീര്‍ പൊലീസ് സാന്നിധ്യം മനസിലാക്കിയോ? രണ്ടു ദിവസം കാത്തിരിക്കാന്‍ പൊലീസ് തീരുമാനിച്ചു. തന്‍സീറിന്റെ ഫോണ്‍ ലൊക്കേഷന്‍ തുടര്‍ച്ചയായി പരിശോധിച്ചു. ഇടയ്ക്ക് ഓഫായിരുന്നെങ്കിലും, രണ്ടു ദിവസത്തിനുശേഷം തന്‍സീറിന്റെ ഫോണ്‍ ലൊക്കേഷന്‍ വീണ്ടും കരുനാഗപ്പള്ളി കാണിച്ചു. പൊലീസ് പിന്‍തുടരുന്നുണ്ടെന്ന സംശയമുണ്ടെങ്കില്‍ തന്‍സീര്‍ വീണ്ടും സ്വന്തം സ്ഥലത്തേക്കു വരില്ലെന്നു പൊലീസ് ഉറപ്പിച്ചു. അളിയന്റെ വീട്ടിലാണ് തന്‍സീര്‍ താമസിക്കുന്നതെന്നു അന്വേഷണത്തില്‍ മനസിലായി. തന്‍സീറിന്റെ അളിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയാള്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ജോലിക്കെന്നു പറഞ്ഞാണ് അന്നേദിവസം തന്‍സീര്‍ വീട്ടില്‍നിന്ന് പോയത്. അളിയനെയും കൊണ്ട് വീട്ടിലേക്ക് പോയ പൊലീസ് അയാളെ കൊണ്ട് വീടിന്റെ കോളിങ് ബെല്‍ അടിപ്പിച്ചശേഷം ഇരുട്ടില്‍ മാറിനിന്നു. ഇതേസമയം ഒരു സംഘം വീടിനു പുറകുവശത്തെ വാതിലിനടുത്തും ചുറ്റുവട്ടത്തും നിലയുറപ്പിച്ചു. തന്‍സീറിന്റെ സഹോദരി ജനലിലൂടെ നോക്കിയപ്പോള്‍ ഭര്‍ത്താവാണ് പുറത്ത്. വാതില്‍ തുറന്നതും ഷാഡോ ടീം വീടിനകത്തേക്ക് ഇരച്ചു കയറി. എതിര്‍പ്പില്ലാതെ തന്‍സീര്‍ കീഴടങ്ങി.

അക്രമി സംഘം വന്ന കാര്‍ കണ്ടെത്താന്‍ അപ്പോഴും കഴിഞ്ഞിരുന്നില്ല. സനുവില്‍നിന്ന് ലഭിച്ച വിവരമുസരിച്ച് ബിടെക് ബിരുദധാരി ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീനാണ്(23) കാര്‍ ഒളിപ്പിച്ചത്. കാര്‍ വാടകയ്ക്ക് നല്‍കിയവരെ കൊണ്ട് പൊലീസ് ഇയാളെ വിളിപ്പിച്ചു. പലതരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. കാര്‍ തന്റെ കൈവശമില്ലെന്നു ആദ്യം പറഞ്ഞ യാസീന്‍ പിന്നീട് കായംകുളത്ത് കാര്‍ എത്തിക്കാമെന്ന് അറിയിച്ചു. ഒടുവില്‍ അടൂരില്‍ കാര്‍ നിര്‍ത്തി താക്കോല്‍ ഡിക്കിയിലിട്ടശേഷം മുങ്ങി. പിന്നീട് ഇയാള്‍ അറസ്റ്റിലായി.

ബെംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കിയശേഷം നാട്ടിൽ കഴിയുകയായിരുന്ന യാസീനെ കേസിലെ മുഖ്യ സൂത്രധാരനായ അലിഭായിയാണു വിളിച്ചുവരുത്തിയത്. കൊലപാതകത്തിനു മുമ്പ് അലിഭായി അടക്കമുള്ള പ്രതികൾ ആദ്യം എത്തിയതു ബെംഗളൂരുവിലാണ്. യാസീൻ ബെംഗളൂരുവിലെത്തി പ്രതികൾക്കു ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. പ്രധാന പ്രതിക്കു പണമിടപാടു നടത്താൻ സുഹൃത്തിന്റെ എടിഎം കാർഡും ബാങ്ക് അക്കൗണ്ട് നമ്പറും നൽകി. അവിടെ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചശേഷമാണു നേരത്തേ അറസ്റ്റിലായ സനുവിന്റെ കൊല്ലത്തെ വീട്ടിലെത്തിയത്. അവിടെ താമസിച്ചായിരുന്നു കൊലപാതകം. അതിനുശേഷം സനുവിന്റെ വീട്ടിൽ തിരിച്ചെത്തിയ പ്രതികൾ തൃശൂർ വഴി ബെംഗളൂരുവിലെത്തി. കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണിയെ കൊലപാതകത്തിനുശേഷം ചെന്നൈയിൽ കൊണ്ടുപോയി താമസിപ്പിച്ചതും യാസീനായിരുന്നു. കൊലയ്ക്കുശേഷം ബെംഗളൂരുവിലെത്തിയ പ്രതികൾ കാർ യാസീനെ ഏൽപിക്കുകയായിരുന്നു. സര്‍വീസ് സെന്ററിലെത്തിച്ച് കാര്‍ കഴുകി വൃത്തിയാക്കിയശേഷമാണ് യാസീന്‍ നാട്ടിലേക്ക് തിരിച്ചതും അറസ്റ്റിലായതും. അപ്പോഴും കൊലപാതകം ആസൂത്രണം ചെയ്ത അലിഭായി കാണാമറയത്തുതന്നെ നിന്നു.

അലിഭായിയിലേക്കു നീണ്ട പൊലീസിന്റെ അന്വേഷണത്തിലേക്ക് തുടരും...