Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പുണ്ണിയുടെ ഗുണ്ടാ ശൈലി സവിശേഷമെന്നു പൊലീസും

appunni അപ്പുണ്ണി

കായംകുളം ∙ ‍മുൻ റേഡിയോ ജോക്കി വധക്കേസിൽ അറസ്റ്റിലായ അപ്പുണ്ണി ഗുണ്ടാ ആക്രമണങ്ങളിൽ പ്രത്യേക ശൈലിയുള്ള വ്യക്തിയെന്നു പൊലീസ്. നാട്ടിൽ നല്ല രീതിയിൽ കഴിഞ്ഞിരുന്ന വീട്ടിലെ അംഗമായിരുന്ന ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പുണ്ണി (29) വളരെ വേഗമാണു ഗുണ്ടാ നേതാവായി മാറിയത്. കായംകുളത്തു ശർക്കര വ്യാപാരിയെ കൊന്ന കേസിലെ പ്രതിയുമായും മാവേലിക്കരയിലെ പ്രമുഖ ഗുണ്ടാ നേതാവുമായുള്ള അടുപ്പമാണ് അപ്പുണ്ണിയെ ഗുണ്ടാ സംഘത്തിലേക്ക് എത്തിച്ചതെന്നാണു നിഗമനം.

ഗുണ്ടാ ആക്രമണങ്ങളിലും അപ്പുണ്ണി സ്റ്റൈലുണ്ടെന്നു പൊലീസ് ഭാഷ്യം. സംഘം ചേർന്നു ബൈക്കുകളിൽ ആയുധങ്ങളുമായി എത്തി 'റോഡ് ഷോ' നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഇയാളുടെ വിനോദമായിരുന്നത്രേ. ആദ്യകാലങ്ങളിൽ ബെംഗളൂരുവിൽ ജോലിക്കെന്ന പേരിൽ ഇയാൾ പോയിരുന്നതു ക്വട്ടേഷൻ ആക്രമണങ്ങൾക്കാണെന്നും കരുതുന്നു. കായംകുളം, മാവേലിക്കര, തൃക്കുന്നപ്പുഴ, നൂറനാട് കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ 15 കേസുകളിലെ പ്രതിയാണ് അപ്പുണ്ണി. മാവേലിക്കരയിൽ 2012ൽ കെന്നി (പ്രവീൺ) നെ കൊലപ്പെടുത്തിയ കേസിലും ആറാട്ടുപുഴയിലെ കൈവെട്ടുകേസും പുള്ളിക്കണക്കിൽ അഞ്ചുപേരെ വെട്ടിയതുമാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസുകൾ. കാപ്പ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ഇയാൾ നാട്ടിലില്ലെന്നാണു വിവരം. പല കേസുകളിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അപ്പുണ്ണിക്കെതിരെ അറസ്റ്റ് വാറണ്ടും നിലനിന്നിരുന്നു.

റേഡിയോ ജോക്കി വധക്കേസിൽ പ്രധാന പ്രതിയായ ഓച്ചിറ സ്വദേശി അലിഭായിയുമായി വിദേശത്തുവച്ചുള്ള അടുപ്പമാണു രാജേഷിന്റെ കൊലപാതകത്തിൽ അപ്പുണ്ണിയും ഭാഗമാകാൻ കാരണം. അപ്പുണ്ണിയുടെ പരിചയത്തിൽ നിന്നാണു കായംകുളത്തു നിന്നു കാർ വാടകയ്ക്കെടുത്തത്. കൊലപാതക ശേഷം ഇയാൾ വിദേശത്തേക്കു കടന്നു എന്നായിരുന്നു കരുതിയിരുന്നതെങ്കിലും അലിയെ അറസ്റ്റ് ചെയ്ത പൊലീസ് ജാഗ്രതയോടെ അപ്പുണ്ണിയെ കുടുക്കുകയായിരുന്നു.