ഹാരിസൺ: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം∙ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ റവന്യു വകുപ്പു തീരുമാനിച്ചു. 

നിയമവശങ്ങൾ പഠിച്ച് അറിയിക്കാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോടും അഡ്വക്കറ്റ് ജനറൽ സി.പി.സുധാകരപ്രസാദിനോടും മന്ത്രി ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. 

നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിനോടു നിയമോപദേശം തേടിയിട്ടില്ല. എന്നാൽ റിപ്പോർട്ട് തയാറാക്കുന്നതിനു മുൻപു കുര്യൻ, ഹരീന്ദ്രനാഥിന്റെ അഭിപ്രായം തേടും. 

കുര്യന്റെയും സുധാകരപ്രസാദിന്റെയും റിപ്പോർട്ടുകൾ ലഭിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കാനാണു മന്ത്രി ആലോചിക്കുന്നത്. 

സ്പെഷൽ ഓഫിസറെ നിയമിച്ചു ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിധിച്ച ഹൈക്കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണാണെന്നു വിധിക്കാത്ത സാഹചര്യത്തിൽ അപ്പീലിനു പ്രസക്തിയുണ്ടെന്നു റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഭൂമി തട്ടിപ്പു നടന്നതായി കണ്ടെത്താനുള്ള സിവിൽ കോടതികളുടെ അധികാരം സ്പെഷൽ ഓഫിസർക്കില്ലെന്നേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ. 

തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കോടതി വഴിയാണു നടപടി സ്വീകരിക്കേണ്ടതെന്നും വിധിയിൽ പറയുന്നു.

അപ്പീൽ നീക്കമുണ്ടെങ്കിലും ഭൂമി കയ്യേറ്റം തടയൽ ഓർഡിനൻസ് ഉടൻ കൊണ്ടുവരാനും റവന്യുവകുപ്പ് ന‌‌ടപ‌‌ടി ആരംഭിച്ചു. പരിശോധനയ്ക്കായി എജിക്ക് അയച്ച ബില്ലിൽ ഉടൻ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തടസ്സമുണ്ട്. രേഖകൾ ഉണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിൽ അതിനെതിരായ തെളിവുകൾ നിരത്തി കേസ് വിജയിച്ചാലും അപ്പീലുകളിൽ കുരുങ്ങി നടപടികൾ നീളും. കയ്യേറ്റം തടയൽ നിയമം വന്നാൽ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കൽ വേഗത്തിലാക്കാനാകുമെന്നാണു പ്രതീക്ഷ.