Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിസൺസ് മലയാളം: ലാൻഡ് ട്രൈബ്യൂണൽ വിധി പ്രസക്തമാവില്ല

harrisons-malayalam-plantation

പത്തനംതിട്ട ∙ പെരുനാട് വില്ലേജിലെ ളാഹ എസ്റ്റേറ്റിലെ 1320 ഏക്കറിലും അരുവാപ്പുലം പഞ്ചായത്തിലെ 831 ഏക്കറിലും ഹാരിസൺസ് മലയാളം ലിമിറ്റഡിന് കുടിയായ്മ അവകാശമില്ലെന്ന് ലാൻഡ് ട്രൈബ്യൂണലിന്റെ വിധി. പക്ഷേ, ഈ ഉത്തരവിനു പിന്നാലെ കഴിഞ്ഞ 11ന് ഹൈക്കോടതി ഹാരിസൺ‌സ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് റദ്ദാക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചതിനാൽ ട്രൈബ്യൂണൽ വിധിക്ക് പ്രസക്തിയില്ലാതാവുകയും ചെയ്തു. 

റാന്നി താലൂക്കിലെ പെരുനാട് വില്ലേജിൽപെട്ട ളാഹ എസ്റ്റേറ്റിലെ 1320.03 ഏക്കറിൽ ഹാരിസൺസ് കമ്പനിക്ക് അവകാശമില്ലെന്നു വിധിച്ച ലാൻഡ് ട്രൈബ്യൂണൽ സ്പെഷൽ തഹസിൽദാർ എസ്. ശിവപ്രസാദ്, അരുവാപ്പുലം വില്ലേജിലെ ഭൂമി പുറമ്പോക്കാണെന്നും കണ്ടെത്തി. 

പെരുനാട് വില്ലേജിൽ താമരപ്പള്ളി കുരുവിള കൊച്ചുതൊമ്മനിൽ നിന്ന് ഒൻപതു സർവേ നമ്പരുകളിലായി പാട്ടത്തിനെടുത്തതായി പറയുന്ന ഭൂമിയാണ് കമ്പനിയുടേതല്ലെന്ന് ഇപ്പോൾ ട്രൈബ്യൂണൽ കണ്ടെത്തിയിരിക്കുന്നത്. 2007ൽ പാട്ടക്കാലാവധി കഴിഞ്ഞെന്നു കാണിച്ച് കൊച്ചുതൊമ്മന്റെ പേരക്കുട്ടികൾ സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി വിഷയം ട്രൈബ്യൂണലിനു വിടുകയായിരുന്നു. ഇതിൽ ഒൻപതു സർവേ നമ്പരുകളിൽ മൂന്നു സർവേ നമ്പരുകളിലെ ഭൂമി പുറമ്പോക്കാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തുകയായിരുന്നു. 

അരുവാപ്പുലത്തെ ഭൂമി സംബന്ധിച്ച് മുൻസിഫ് കോടതിയിലെത്തിയ കേസ് ആണ് ട്രൈബ്യൂണലിനു കൈമാറിയത്. ഇവിടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 831 ഏക്കറും പുറമ്പോക്കാണെന്നാണ് ട്രൈബ്യൂണൽ വിധി. 

ഹർജി നൽകിയവർക്കും ഭൂമിയിൽ അവകാശം ഉന്നയിക്കാവുന്ന വിധത്തിലല്ല ഉത്തരവ് എന്നതിനാൽ അവരും ഈ വിധി കൂട്ടുപിടിച്ച് മുന്നോട്ടു പോകാൻ സാധ്യതയില്ല. ട്രൈബ്യൂണൽ‌ വിധികൾ രണ്ടും കോടതിയിൽ നിന്നു കൈമാറിക്കിട്ടിയ കേസുകളിൽ ആയതിനാൽ‌ ഹൈക്കോടതി വിധിയോടെ അവയുടെ പ്രസക്തിയും ഇല്ലാതായി.