Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂമാഹി ഷമേജ് വധക്കേസ്: ഒരാളെപ്പോലും പിടിക്കാനായില്ല

Shamej

മാഹി–തലശ്ശേരി∙ ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ ഷമേജിനെ കൊലപ്പെടുത്തിയ സംഘത്തിലെ എല്ലാവരെക്കുറിച്ചും വിവരം കിട്ടിയതായി ആവർത്തിക്കുമ്പോഴും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ തലശ്ശേരി പൊലീസ്. പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ കൊന്നതിന് പ്രതികാരമെന്നവണ്ണം അരമണിക്കൂറിനകമുണ്ടായ ഷമേജ് വധത്തിന്റെ അന്വേഷണത്തിലാണു കേരള പൊലീസ് ഇരുട്ടിൽ തപ്പുന്നത്.

സിപിഎമ്മിന്റെ ആക്‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ ഗ്രൂപ്പ് അംഗമെന്നു കരുതുന്ന മാഹി സ്വദേശി രണ്ടു ദിവസമായി തലശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഷമേജ് കൊല്ലപ്പെടുമ്പോൾ ഇയാൾ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു കസ്റ്റഡിയിലെടുത്തത്. എന്നാൽ, സംഭവ സമയത്ത് ഇയാൾ മറ്റൊരിടത്തായിരുന്നുവെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നാണ് ഇപ്പോൾ പൊലീസിന്റെ നിലപാട്.

അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഷമേജ് കൊല്ലപ്പെടുന്നതിനു മുൻപ് മാഹിയിലെ ഹോട്ടലിൽ തമ്പടിച്ച സംഘത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ‌ബാബു വധക്കേസിൽ അറസ്റ്റിലായ പാനൂർ ചെണ്ടയാട് കമലദളത്തിൽ ശ്യാംജിത്തി (23)നെ പുതുച്ചേരി പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആറു പേരെക്കൂടി പിടികിട്ടാനുണ്ട്. ഇതിനു പുറമെ, മുഖ്യ ആസൂത്രകരായ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനി എന്നിവരും ഒളിവിലാണ്.